ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: സ്‌കൂളുകള്‍ അടച്ചിട്ടു; ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്നും നിര്‍ദേശം

single-img
7 November 2017

വായുമലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ അടച്ചിടാനും ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നിര്‍ദേശിച്ചു.

ഈ മാസം 19ന് നടത്താനിരുന്ന എയര്‍ടെല്‍ ഡല്‍ഹി ഹാഫ് മാരത്തണ്‍ ഉപേക്ഷിക്കാനും ഡോക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് അഭ്യര്‍ത്ഥിച്ചു. ഐഎംഎയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സ്‌കൂളുകള്‍ക്ക് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ കടുത്ത വായുമലിനീകരണമാണ് ഡല്‍ഹി ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. ഡല്‍ഹി ഒരു മാസക്കാലത്തോളം ഗ്യാസ് ചേംബര്‍ ആകുമെന്നും ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയില്‍ സുരക്ഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജവാന്മാര്‍ക്കു വേണ്ടി സി.ഐ.എസ്.എഫ് 9,000 മാസ്‌കുകള്‍ വിതരണം ചെയ്തു. വിമാനത്താവളത്തിലും ഡല്‍ഹി മെട്രോയിലും മന്ത്രാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണിവര്‍.