പിണറായിക്ക് തോമസ് ചാണ്ടിയെ പേടിയെന്ന് ചെന്നിത്തല; ‘ചാണ്ടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകും; ഗെയ്ല്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം’

single-img
7 November 2017

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്റെ നിയമവശം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ കായല്‍കൊള്ളയെ ചെറുതായി കാണാന്‍ കഴിയില്ല. ചാണ്ടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കളക്ടര്‍ക്കെതിരെ മന്ത്രി കോടതിയെ സമീപിക്കുന്ന സംഭവം ചിലപ്പോള്‍ കേരളത്തില്‍ ആദ്യത്തേതാണ്. സി.പി.എം ഭരണത്തില്‍ മാത്രമേ ഇത്തരം അപൂര്‍വ പ്രതിഭാസം കാണാന്‍ കഴിയൂ എന്ന് ചെന്നിത്തല പരിഹസിച്ചു. തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പുറത്ത് വിടാന്‍ മുഖ്യമന്ത്രി ഭയക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു..

കുറ്റവാളിയെ മന്ത്രിസഭയില്‍ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തുന്നതു നാണംകെട്ട പണിയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ത്വരിത പരിശോധന ഉത്തരവിന്റെ പേരില്‍ മന്ത്രിമാര്‍ രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടു സമരം നടത്തിയവര്‍ ഇന്ന് കളക്ടര്‍ നിയമ ലംഘനം മുഴുവന്‍ കണ്ടെത്തി റിപ്പോര്‍ട്ടു നല്‍കിയിട്ടും മന്ത്രിയെ പുറത്താക്കാത്തതിന്റെ കാരണം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം.

കൂടാതെ ഗെയ്ല്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുക്കത്തെ സമരം സര്‍ക്കാര്‍ സൃഷ്ടിയാണ്. വികസന വിരോധിയെന്ന് പിണറായി ഉദ്ദേശിച്ചത് വി.എസ്. അച്യുതാനന്ദനെയാവാം.

യുഡിഎഫ് പദ്ധതിയെ എതിര്‍ത്തിട്ടില്ല. ഈ സമരം ഏറ്റെടുക്കുമെന്ന് യുഡിഎഫ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ സോളാര്‍ റിപ്പോര്‍ട്ടിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ നിയമോപദേശം എങ്ങനെ കിട്ടുമെന്ന കാര്യം തനിക്കറിയാമെന്നും ചെന്നിത്തല പ്രതികരിച്ചു.