കാന്‍സര്‍ രോഗ ബാധ തിരിച്ചറിയാന്‍ എളുപ്പ വഴികള്‍: ഈ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക

single-img
7 November 2017

കാന്‍സറും ലോകവും തമ്മിലുള്ള യുദ്ധം തുടരുകയാണ്. ചികിത്സയില്‍ മുന്നേറ്റമുണ്ടെന്ന് ശാസ്ത്ര സമൂഹം ആശ്വസിപ്പിക്കുമ്പോഴും വലിയ വിഭാഗം രോഗബാധിതര്‍ വേദനിച്ച് മരവിച്ച് മരണത്തിലേക്ക് വീഴുന്നു. ഓരോരുത്തരിലും കാന്‍സര്‍ ഓരോ രൂപത്തിലാണ് വരിക.

അല്‍പം ഭാഗ്യം ചെയ്തവരില്‍ നേരത്തെ കാന്‍സര്‍ പ്രത്യക്ഷപ്പെടും. മറ്റു ചിലരില്‍ അവസാന മണിക്കൂറിലാകും കാന്‍സര്‍ കണ്ടെത്തുക. പൈല്‍സ്, ഗ്യാസ്ട്രബിള്‍ പോലുള്ള അസുഖങ്ങളായി തെറ്റിദ്ധരിക്കുന്നതും കാന്‍സര്‍ കണ്ടെത്തല്‍ വൈകിക്കുന്നു.കാന്‍സര്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് ഡോക്ടറുടെ മുന്നിലല്ല, മറിച്ച് രോഗിയുടെ മുന്നില്‍ തന്നെയാണ്.

നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ രോഗം പൂര്‍ണമായി ഭേദപ്പെടുത്താമെന്ന് വൈദ്യസമൂഹം ഉറപ്പു നല്‍കുന്നു. ഏതു ഭാഗത്തെയാണ് ബാധിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ലക്ഷണങ്ങളില്‍ മാറ്റം വരാം. ക്ഷീണം, ശരീരത്തില്‍ വലിയ മുഴകള്‍ പ്രത്യക്ഷപ്പെടുക, ശരീര ഭാരം അനിയന്ത്രിതമായി കുറയുക, ത്വക്കിന്റെ നിറം മാറുക, മഞ്ഞ, കറുപ്പ്, ചുമപ്പ് നിറം വരിക, ശോധനയുടെ രീതികളില്‍ മാറ്റം വരിക, ശ്വാസംമുട്ട്, ചുമ, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, ദഹനക്കേട്, ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അസ്വസ്ഥത, സന്ധി വേദന, നിരന്തരമായ പനി, രാത്രിയില്‍ അമിതമായ വിയര്‍പ്പ്, മലത്തില്‍ രക്തസ്രാവം ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കണം.

ചിലയിനം കാന്‍സറുകള്‍ പരമ്പരാഗതമായി ബാധിക്കുന്നവയാണ്. അടുത്ത ബന്ധുക്കള്‍ക്ക് കാന്‍സര്‍ ബാധയുണ്ടായിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കുക. എന്നാല്‍ ഈ സാധ്യത വെറും അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ്. ലോകത്തില്‍ കാന്‍സറിന്റെ പ്രധാന കാരണം ഇപ്പോഴും പുകയില തന്നെ.

കഴിഞ്ഞ നൂറ്റാണ്ടില്‍ പത്തു കോടി ആളുകളാണ് ശ്വാസ കോശ കാന്‍സര്‍ ബാധിച്ചു മരിച്ചത്. സ്ഥിരം വലിക്കാരില്‍ പകുതിയോളം പേര്‍ ശീലം നല്‍കുന്ന അസുഖങ്ങളാല്‍ മരിക്കുന്നു. നാലിലൊന്നു പേര്‍ 35 നും 69 നും ഇടയില്‍ പ്രായത്തില്‍ മരിക്കുന്നു. വലിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത 20 മുതല്‍ 30 വരെ ഇരട്ടിയുമാണ്. പുകവലിക്കാതിരിക്കുകയാണ് ഏറ്റവും നല്ല കാര്യം. എന്നാല്‍ ഏതു സമയത്ത് നിര്‍ത്തുന്നതും, 50 വയസില്‍ പോലും, വലിയ പ്രയോജനം ചെയ്യും.

ഈ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പുകളും
ഉണങ്ങാത്ത വ്രണങ്ങള്‍
മലമൂത്ര വിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍
വായിക്കുള്ളില്‍ പഴുപ്പ് , വെള്ള നിറത്തിലോ പുവന്ന നിറത്തിലോ ഇള്ള പാടുകളും മുറിവുകളും
സ്തനങ്ങളിലെ മുഴകള്‍ വീക്കം
പെട്ടന്നുള്ള ഭാരക്കുറവ്
വിട്ടുമാറാത്ത ചുമയും തൊണ്ടയടപ്പും
മറുക്, കാക്കപ്പുള്ളി, അരിമ്പറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.
അസ്വഭാവികമായ രക്തസ്രാവം / വെള്ളപോക്ക്
ഭക്ഷണം കഴിയ്ക്കാനുള്ള ബുദ്ധിമുട്ടും ദഹനപ്രശ്‌നങ്ങളും
ഇവയൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.