നടി അമലാ പോള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും

single-img
7 November 2017

നടി അമലാ പോള്‍ പുതുച്ചേരിയില്‍ കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയത് നിയമ വിരുദ്ധമായി തന്നെയെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. പുതുച്ചേരിയില്‍ നടി കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ താരം നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കുമെന്നാണ് സൂചന.

നടി ഒന്നര കോടിയുടെ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പാണ് വാടകച്ചീട്ട് ഉണ്ടാക്കിയത്. വ്യാജ വാടകച്ചീട്ടുണ്ടാക്കിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ വിശദമായ മറുപടി നല്‍കുകയോ നികുതി അടയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തി അമലാ പോളിന് നോട്ടീസ് നല്‍കിയിരുന്നു.

സര്‍ക്കാരിന് ലഭിക്കേണ്ട 20 ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. അമലാപോളിന് നല്‍കിയ നോട്ടീസിനൊപ്പം വിശദമായ ചോദ്യാവലിയും മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകന്‍ മുഖേന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കിയത്.

ഈ രേഖകളിലാണ് കൃത്രിമം നടന്നിട്ടുള്ളതായി വ്യക്തമായത്. ഇത്തരത്തില്‍ രേഖകള്‍ ഉണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത്.