നടന്‍ ദിലീപ് പറഞ്ഞത് സത്യം: സുനിയുടെ ഭീഷണിക്കു പിന്നാലെ ഡിജിപിയെ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്: താരത്തിനെതിരെ ഗൂഡാലോചന നടന്നു?

single-img
7 November 2017

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുന്‍പ് നടന്‍ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പലവട്ടം വിളിച്ചതിന് തെളിവ്. ഇതോടെ ദിലീപ്, ഡിജിപിക്ക് പരാതി നല്‍കാന്‍ വൈകിയെന്ന വാദം പൊളിയുകയാണ്. തന്നെ വ്യാജ തെളിവുണ്ടാക്കി കുടുക്കിയെന്ന് ആരോപിച്ച് നടന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ വിവരവും വെളിപ്പെടുന്നത്.

അന്വേഷണസംഘം ആരോപിച്ചത് പോലെ ഇരുപതുദിവസം വൈകിയല്ല, ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍വിളികള്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ ഡിജിപിയുടെ ഫോണിലേക്ക് ദിലീപ് വിളിച്ച് പരാതിപ്പെട്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫോണ്‍കോള്‍ രേഖകള്‍ മനോരമ ന്യൂസാണ് പുറത്തുവിട്ടത്.

ജയിലില്‍ കിടന്ന സുനില്‍ കുമാറിന്റെയും സുഹൃത്ത് വിഷ്ണുവിന്റെയും വിളികള്‍ നാദിര്‍ഷക്കും അപ്പുണ്ണിക്കും വന്നതിന് പിന്നാലെയെല്ലാം അവര്‍ ദിലീപിനെ വിവരം അറിയിക്കുന്നു. തൊട്ടുപിന്നാലെ ദിലീപ് ഡിജിപിയെ വിളിക്കുന്നു. ഇക്കാര്യം ഒരു സംശയത്തിനുമിടയില്ലാതെ ഈ രേഖകളില്‍ നിന്ന് വ്യക്തമാകും.

ലോക്‌നാഥ് ബെഹ്‌റയുടെ സ്വകാര്യ ഫോണായ 9654409230 എന്ന നമ്പറിലേക്കാണ് ദിലീപ് വിളിച്ചതത്രയും. ആദ്യവിളി ഏപ്രില്‍ 10നാണ്. നാദിര്‍ഷയോടും അടുത്ത സുഹൃത്തായ നിര്‍മാതാവ് വ്യാസനോടും സംസാരിച്ച ശേഷം രാത്രി 9.57നാണ് ദിലീപ് ഡിജിപിയെ വിളിച്ചത്.

ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ആദ്യവിളി നാദിര്‍ഷക്ക് വന്നത് അന്നായിരുന്നു. പിന്നീട്, ഏപ്രില്‍ 18ന് ഉച്ചക്ക് 1.03ന്, 20ന് ഉച്ചക്ക് 1.55ന്, 21ന് വൈകിട്ട് 6.12നും. ഈ ഫോണ്‍ വിളികള്‍ക്കൊപ്പം തന്നെ ഓരോ ദിവസവും പള്‍സര്‍ സുനിയുടെയും കൂട്ടാളിയുടെയും സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെടുത്തത് ഡിജിപിയുടെ വാട്‌സാപ്പിലേക്ക് അയച്ചിരുന്നതായും ജാമ്യത്തിനുള്ള വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

അന്നത് പ്രതിഭാഗം വാദം മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇതാദ്യമായി അതിനുള്ള തെളിവുകളും പുറത്തുവരികയാണ്. ബെഹ്‌റയ്ക്കു വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കണക്കാക്കാനാകില്ല എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഹൈക്കോടതിയില്‍ പൊലീസ് നിലപാടെടുത്തത്. ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് ഏപ്രില്‍ 22 നാണ്.

പള്‍സര്‍ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ചത് മാര്‍ച്ച് 28നും. 20 ദിവസങ്ങള്‍ക്കുശേഷമാണ് ദിലീപ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയതില്‍ നിഗൂഢതയുണ്ടെന്നുമായിരുന്നു പൊലീസിന്റെ പ്രചാരണം.

അതേസമയം കേസുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിലെ ചിലര്‍ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവര്‍ ഒന്നാംപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാള്‍ തന്റെ സുഹൃത്ത് നാദിര്‍ഷായ്ക്ക് 2017 ഏപ്രില്‍ 10നു ഫോണ്‍ ചെയ്ത കാര്യം അന്നു തന്നെ ബെഹ്‌റയെ അറിയിച്ചതാണെന്നുമാണു ദിലീപ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും സ്വാധീനിക്കാന്‍ കഴിയുന്ന സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗത്തിന്റെ വന്‍ ഗൂഢാലോചനയാണു തന്നെ കുടുക്കിയതെന്നും ദുഷ്ടലാക്കോടെ വ്യാജകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ദിലീപ് പറയുന്നു. ശബ്ദരേഖയും കോള്‍ വന്ന ഫോണ്‍ നമ്പറും നല്‍കി. തന്നെ കുടുക്കാന്‍ ലക്ഷ്യമിടുന്ന ചില പൊലീസുദ്യോഗസ്ഥരുടെയും മാധ്യമ പ്രചാരണത്തിന്റെയും ഇരയാണു താന്‍ എന്ന് ദിലീപ് ആരോപിച്ചിരുന്നു.

കടപ്പാട്: മനോരമ ന്യൂസ്