ടുജി അഴിമതിക്കേസ്: വിധി പറയുന്ന തീയതി കോടതി അടുത്തമാസം അഞ്ചിന് പ്രഖ്യാപിക്കും

single-img
7 November 2017

ടുജി അഴിമതിക്കേസില്‍ വിധി പറയുന്ന തീയതി ഡല്‍ഹി സിബിഐ പ്രത്യേക കോടതി അടുത്തമാസം അഞ്ചിന് പ്രഖ്യാപിക്കും. കോടതിയില്‍ സമര്‍പ്പിച്ച ഫയലുകള്‍ അനേകം ഭാഗങ്ങളുള്ളതും സാങ്കേതിക സ്വഭാവമുള്ളതിനാലും വിധി പറയാനായിട്ടില്ലെന്നും അക്കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് നീട്ടിയത്.

സി.ബി.ഐ സ്‌പെഷ്യല്‍ ജ്ഡ്ജി ഒ.പി സൈനിയാണ് കേസ് പഠിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമെന്നും അതിനാല്‍ കേസ് നീട്ടിവെക്കുകയാണെന്നും അറിയിച്ചത്. അടുത്ത തവണ വിധി പുറപ്പെടുവിക്കുകയല്ല, കേസ് പരിഗണിക്കുകയാണ് ചെയ്യുകയെന്നും കോടതി നിരീക്ഷിച്ചു.

മുന്‍കേന്ദ്രമന്ത്രി എ.രാജയും ഭൂരിഭാഗം പ്രതികളും കോടതിയില്‍ ഇന്ന് ഹാജരായി. മോശം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഡി.എം.കെ. എം.പി. കനിമൊഴി ഹാജരായില്ല. എ. രാജ ഉള്‍പ്പെടെ 18 പേരാണ് കേസിലെ പ്രതികള്‍. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നുവെന്ന സി.എ.ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടാണ് കേസിന് വഴിവെച്ചത്.