തോമസ് ചാണ്ടി ഗുരുതര ചട്ടലംഘനം നടത്തി; ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്

single-img
6 November 2017

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തിനായി ഭൂമി കൈയേറിയിട്ടുണ്ടെന്നും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍. കൈയേറ്റവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ശേഷം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന അന്തിമറിപ്പോര്‍ട്ടിലാണ് മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള കളക്ടറുടെ കണ്ടെത്തലുകള്‍.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ വയല്‍ നികത്തുന്നത് ഗുരുതര കുറ്റവും തടവ് ശിക്ഷ വരെ ലഭിക്കാവുന്നതുമാണ്. 2012 വരെ തോമസ് ചാണ്ടിയുടെ ലേക് പാലസിലേക്ക് കരമാര്‍ഗം വഴിയുണ്ടായിരുന്നില്ല. എന്നാല്‍, 2013ല്‍ തോമസ് ചാണ്ടി വയല്‍ നികത്തി റിസോര്‍ട്ടിലേക്ക് റോഡ് പണിയുകയായിരുന്നു.

കരുവേലി പാടശേഖരത്തിലെ തോടിന്റെ ഗതി മാറ്റിയ ശേഷമായിരുന്നു ഇത്. ഒരു മീറ്റര്‍ വീതിയുണ്ടായിരുന്ന വഴിയെ 12 മീറ്റര്‍ വീതിയില്‍ റോഡാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിച്ചു. മന്ത്രിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലാണ് പാര്‍ക്കിംഗ് ഗ്രൗണ്ടെങ്കിലും നിയന്ത്രണം തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍ വേള്‍ഡാണ് കൈയാളുന്നത്.

പുറംബണ്ട് നിര്‍മാണത്തിന്റെ പേരിലായിരുന്നു പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിച്ചത്. ഇതിന് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായവും തോമസ് ചാണ്ടിക്ക് ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണത്തിന് 2014 ല്‍ സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

അന്ന് മെമ്മോ വാട്ടര്‍വേള്‍ഡ് കൈപ്പറ്റിയിരുന്നെങ്കിലും വിശദീകരണം നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഇത് വിവാദമായപ്പോഴാണ് ആ സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെന്ന് വാട്ടര്‍വേള്‍ഡ് കമ്പനി പറയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. തോമസ് ചാണ്ടി നിര്‍മിച്ച റോഡിന് അംഗീകാരം നല്‍കണമോ വേണ്ടയോ എന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മാത്രമല്ല, വലിയകുളത്തുനിന്നു സീറോ ജെട്ടിയിലേക്കുള്ള റോഡിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. 2013 മുതല്‍ നാലു ഘട്ടങ്ങളിലായി 690 മീറ്റര്‍ നീളത്തിലാണു റോഡ് നിര്‍മിച്ചത്. പി.ജെ. കുര്യന്‍, കെ.ഇ. ഇസ്മായില്‍ എന്നിവരുടെ എംപി ഫണ്ടില്‍നിന്നായിരുന്നു റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്.

ഈ നിര്‍മാണത്തിന്റെ സമയത്തു വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പക്ഷേ, മാര്‍ത്താണ്ഡം കായലിനെക്കുറിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. 20 പേജുള്ള റിപ്പോര്‍ട്ടാണ് കലക്ടര്‍ നല്‍കിയിരിക്കുന്നത്.