ബിജെപി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ശോഭ സുരേന്ദ്രന്‍: ‘തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണം’

single-img
6 November 2017

സംസ്ഥാന നേതൃത്വവുമായി കനത്ത ഭിന്നതയെ തുടര്‍ന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ സുരേന്ദ്രന്‍ ബിജെപി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സംസ്ഥാന നേതൃത്വവുമായി പൂര്‍ണമായും അകന്നതിനാലാണ് ശോഭ സുരേന്ദ്രന്‍ ഏറ്റവും ഒടുവില്‍ ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന കമ്മിറ്റിയിലും കോര്‍ കമ്മിറ്റിയിലും പങ്കെടുക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്ത് എത്തി. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ താനിപ്പോഴും സജീവമാണെന്നും അവര്‍ പറഞ്ഞു. ജനരക്ഷാ യാത്രയ്ക്കിടെ കണ്ണൂരില്‍ വച്ച് തനിക്ക് പോലീസുകാരുടെ മര്‍ദ്ദനമേറ്റിരുന്നു.

ബൂട്ടു കൊണ്ടുള്ള ചവിട്ടേറ്റുണ്ടായ മുറിവില്‍ പഴുപ്പ് വന്നതിനെ തുടര്‍ന്ന് താന്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ചികിത്സയും വിശ്രമവും കഴിഞ്ഞ് നവംബര്‍ അഞ്ച് മുതലാണ് താന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.

ഒരു വാര്‍ത്ത നല്‍കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ആളുടെ പ്രതികരണം ചോദിക്കുക എന്ന സാമാന്യമര്യാദ പോലും കാണിക്കാതെയാണ് ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത് എന്നും ശോഭ പറയുന്നു.

മുരളീധരപക്ഷ നേതാവായ കൃഷ്ണകുമാര്‍ പാലക്കാട് ജില്ലയില്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ശോഭയെ അകറ്റി നിര്‍ത്തുകയാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ശോഭയെ മത്സരിപ്പിക്കാതിരിക്കാന്‍ നീക്കങ്ങള്‍ സജീവമാണെന്നും ഇതില്‍ പ്രതിഷേധിച്ച് അവര്‍ പാര്‍ട്ടി വിടുന്നുവെന്നുമായിരുന്നു വാര്‍ത്ത.