മോദി ‘മേക്ക് ഇന്‍ ഇന്ത്യ’യിലൂടെ വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ എവിടെയെന്നു രാഹുല്‍ ഗാന്ധി

single-img
6 November 2017

പ്രധാനമന്ത്രി നരേന്ദ്രമോദി ‘മേക്ക് ഇന്‍ ഇന്ത്യ’യിലൂടെ വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ എവിടെയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈന സര്‍ക്കാര്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 450 ഓളം തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നുവെന്നും രാഹുല്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി ലക്ഷക്കണക്കിന് ചെറുകിട വ്യവസായികളെയാണ് പ്രയാസത്തിലാക്കിയതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണൊന്ന് എടുത്തു നോക്കൂ. മേക്ക് ഇന്‍ ഇന്ത്യയാണോ ചൈനയാണോ എന്ന്. ചൈനീസ് നിര്‍മിത ഫോണില്‍ നിങ്ങള്‍ ഓരോ ബട്ടണ്‍ അമര്‍ത്തുമ്പോഴും അവിടെയുള്ള ഒരു യുവാവിന് തൊഴില്‍ അവസരം ലഭിക്കുകയാണ്.

ചൈന ഉല്‍പാദന മേഖലയിലൂടെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഇന്ത്യ തൊഴില്‍ രഹിതരെ സൃഷ്ടിച്ചുകൊണ്ടിരിക്കയാണെന്നും രാഹുല്‍ പറഞ്ഞു.