പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമെന്ന് പ്രധാനമന്ത്രി: ‘സര്‍ക്കാരിനോടും നീതിന്യായ വ്യവസ്ഥയോടും മാധ്യമങ്ങള്‍ ഉത്തരവാദിത്തം കാണിക്കണം’

single-img
6 November 2017

പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസ്യത നിലനിര്‍ത്താനും ആരോഗ്യകരമായ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ചെന്നൈയില്‍ തമിഴ് പത്രമായ ദിന തന്തിയുടെ 75ാം വാര്‍ഷികത്തോടുബന്ധിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് അധികാരമുണ്ട്, പക്ഷേ അധികാരം ദുരുപയോഗം ചെയ്താല്‍ ക്രിമിനല്‍ കുറ്റമാകും. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടും നീതിന്യായ വ്യവസ്ഥയോടും മാധ്യമങ്ങള്‍ ഉത്തരവാദിത്തം കാണിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് മാദ്ധ്യമങ്ങള്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ചുറ്റിത്തിരിയുകയാണ്.

ഇന്ത്യയെന്നാല്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല. 125 കോടി ജനങ്ങളാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ജനങ്ങളുടെ വിഷയങ്ങള്‍ക്കും അവരുടെ നേട്ടങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയാല്‍ ഞാന്‍ സന്തോഷവാനായിരിക്കുമെന്നും മോദി പറഞ്ഞു. വാര്‍ത്തകള്‍ പല ഉറവിടങ്ങളില്‍ നിന്നാണ് വരുന്നത്.

ഇവയുടെ കൃത്യത ഉറപ്പുവരുത്താന്‍ ജനങ്ങള്‍ കഠിന ശ്രമങ്ങള്‍ നടത്തേണ്ടി വരുന്നുണ്ട്. അതിനാല്‍ വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ മാദ്ധ്യമങ്ങള്‍ അധിക ശ്രദ്ധ കാണിക്കണം. ആരോഗ്യകരമായ മത്സരം ജനാധിപത്യത്തിന് നല്ലതാണ്. മാദ്ധ്യമങ്ങളെ സ്വകാര്യ വ്യക്തികള്‍ നിയന്ത്രിക്കുകയാണെങ്കിലും അവ പൊതുലക്ഷ്യമാണ് നിറവേറ്റുന്നത്.

ബലപ്രയോഗത്തില്‍ നിന്ന് മാറി സമാധാനത്തിന്റെ പാതയില്‍ നവീകരണം കൊണ്ടുവരാനുള്ള നല്ലൊരു ഉപകരണമാണ് മാദ്ധ്യമങ്ങള്‍. അതിനാല്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളോടും നീതിവ്യവസ്ഥയോടും മാദ്ധ്യമങ്ങള്‍ക്ക് സാമൂഹ്യ പ്രതിബദ്ധത ഉണ്ടാവണമെന്നും മോദി നിര്‍ദ്ദേശിച്ചു.