പാരഡൈസ് പേപ്പർ ലീക്ക്: കേന്ദ്രമന്ത്രിയടക്കമുള്ള ബിജെപി നേതാക്കൾക്ക് വിദേശത്ത് കള്ളപ്പണ നിക്ഷേപം

single-img
6 November 2017

ലോകത്തെ ഞെട്ടിച്ച പാരഡൈസ് പേപ്പർ രേഖകളിൽ രണ്ട് ബിജെപി കേന്ദ്ര നേതാക്കളുടെ പേരുകളും. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജയന്ത് സിൻഹ, രാജ്യസഭാ എം പി രവി കിഷോർ സിൻഹ എന്നിവരുടെ പേരുകൾ വിദേശത്ത് കള്ളപ്പണം സ്വീകരിച്ചവരുടെ ലിസ്റ്റിൽ വന്നതാണു ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

കേന്ദ്രമന്ത്രി ജയന്ത് സിൻഹ ഉടൻ തന്നെ മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു. അതേസമയം സച്ചിൻ പൈലറ്റ്,അശോക് ഗെഹ്ലോട്ട് തുടങ്ങിയ കോൺഗ്രസ്സ് നേതാക്കളുടെ പേരുകളും ഈ ലിസ്റ്റിൽ പരാമർശിച്ചിട്ടുള്ള കാര്യം മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോൾ ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നാണു കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞത്.

അശോക് ഗേഹ്ലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരോടൊപ്പം മുതിർന്ന കോൺഗ്രസ്സ് നേതാവ് വയലാർ രവിയുടെ മകൻ രവികൃഷ്ണയുടെ പേരും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജസ്ഥാൻ ആംബുലൻസ് അഴിമതിയിൽ ഉൾപ്പെട്ട സിക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയ്ക്ക് മൌറീഷ്യസിൽ ഗ്ലോബൽ മെഡിക്കൽ റസ്പോൻസ് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ മൌറീഷ്യസിൽ ഓഫ്ഷോർ കമ്പനിയുണ്ടെന്നാണു പാരഡൈസ് പേപ്പർ രേഖകൾ തെളിയിക്കുന്നത്. സിക്വിറ്റ്‌സ ഹെല്‍ത്ത് കെയറിന്റെ ഡയറക്ടർ രവികൃഷ്ണയാണു.

ജര്‍മനിയിലെ ദിനപത്രമായ സെഡ്യൂസെ സീറ്റംഗും അന്വേഷണാത്മക മാദ്ധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഒഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും 96 മാദ്ധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

ഇന്ത്യയിലെ 714 പ്രമുഖരടക്കം 180 രാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണക്കാരുടെ വിവരങ്ങളാണ് അവര്‍ പുറത്ത് വിട്ടിരിക്കുന്നത്. ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, ടൂ ജി സ്‌പെകട്രം അഴിമതിയിലെ ഇടനിലക്കാരി നീരാ റാഡിയ, സിനിമാ താരം സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത തുടങ്ങിയവരാണ് പട്ടികയിലുള്ള ഇന്ത്യാക്കാരില്‍ പ്രമുഖര്‍.

ഞായറാഴ്ച അര്‍ധരാത്രിയാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 180 രാജ്യങ്ങളില്‍ നിന്നായി 13.4 ദശലക്ഷം രേഖകളാണ് പുറത്തു വിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് പത്തൊമ്പതാമത്തെ സ്ഥാനമാണുള്ളത്. ബര്‍മുഡയിലെ ആപ്പിള്‍ബൈ നിയമ സ്ഥാപനത്തില്‍ നിന്നുള്ള രേഖകളാണ് ചോര്‍ന്നവയില്‍ കൂടുതലും. ആപ്പിള്‍ബൈയില്‍ നിക്ഷേപമുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്യുന്നത് ആപ്പിള്‍ബൈ ആണ്.