ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് മുന്നില്‍ ആരാധകരുടെ പ്രതിഷേധം

single-img
6 November 2017

ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് മുന്നില്‍ ആരാധകരുടെ പ്രതിഷേധം. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാറ്റി വാങ്ങുന്ന കൗണ്ടറിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം.

ഓണ്‍ലൈനിലൂടെ മാത്രം 20,000 ത്തോളം ടിക്കറ്റുകളാണ് വിറ്റത്. 45,000 ത്തോളം കാണികള്‍ക്കാണ് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതിനോടകം മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലു മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശിക്കാം.

അതേസമയം, കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നാളെ നടക്കുന്ന ഇന്ത്യ–ന്യൂസീലന്‍ഡ് ട്വന്റി20 ക്രിക്കറ്റ് മല്‍സരത്തിന് ഒരു ടൂര്‍ണമെന്റ് ഫൈനലിന്റെ ആവേശത്തികവ്. മല്‍സരത്തിനായി ഇന്ത്യ, ന്യൂസീലന്‍ഡ് ടീമുകള്‍ തലസ്ഥാനത്തെത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെ പ്രത്യേക വിമാനത്തിലാണു ടീമുകള്‍ എത്തിയത്.

ഉജ്വലവരവേല്‍പാണ് ഇരുടീമുകള്‍ക്കും വിമാനത്താവളത്തില്‍ നല്‍കിയത്. കോവളം റാവിസ് ലീല ഹോട്ടലിലാണ് ഇരുടീമുകള്‍ക്കും താമസസൗകര്യമൊരുക്കിയിരിക്കുന്നത്. ഇരു ടീമുകളും ഇന്നു പരിശീലനത്തിനു സ്റ്റേഡിയത്തിലെത്തുമെന്നാണു നേരത്തെ അറിയിച്ചിരുന്നതെങ്കിലും റദ്ദാക്കി.

തുടര്‍ച്ചയായ മല്‍സരങ്ങളും നീണ്ട യാത്രയും മൂലമാണു പരിശീലനം ഒഴിവാക്കിയത്. പകരം ഹോട്ടലിലെ ജിമ്മില്‍ പ്രത്യേക പരിശീലനം സജ്ജീകരിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍മാരും പരിശീലകരും പിച്ച് പരിശോധനയ്ക്കായി ഇന്നു സ്റ്റേഡിയത്തിലെത്തും.

അതേസമയം ഗ്രീന്‍ഫീള്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന ആരാധകര്‍ക്ക് വലിയ നിയന്ത്രണമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രവേശന പാസ് ഇല്ലാത്ത ആരും സ്റ്റേഡിയത്തിലേക്ക് എത്തരുതെന്നും ഇങ്ങനെ എത്തുന്നവരെ ഒരു കാരണവശാലും ഉള്ളിലേക്ക് കടത്തി വിടില്ലെന്നുമാണ് പൊലീസിന്റെ തീരുമാനം.

കൂടാതെ പ്‌ളാസ്റ്റിക് കുപ്പികള്‍, വടി, കൊടിതോരണങ്ങള്‍, പടക്കങ്ങള്‍, ബീഡി, സിഗരറ്റ്, തീപ്പട്ടി ഒന്നും തന്നെ സ്റ്റേഡിയത്തിലേക്ക് കൊണ്ട് പോകാന്‍ അനുവധിക്കില്ല. മൊൈബല്‍ ഫോണ്‍ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കു. മധ്യപിച്ചോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചെത്തുന്നവരെയും പൊലിസ് കടത്തിവിടില്ല.

മാത്രമല്ല ഭക്ഷണസാധനങ്ങളോ വെള്ളമോ പുറത്ത് നിന്ന് കൊണ്ട് വരാന്‍ അനുവദിക്കില്ല. പ്രധാന കവാടത്തിലൊരുക്കിയിരിക്കുന്ന പ്രത്യേക പരിശോധനക്ക് ശേഷമെ ആരാധകര്‍ക്ക് പ്രവേശനമനുവധിക്കു. ഇതിന് വേണ്ടി മാത്രം150 പൊലിസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ദേശീയ പാതയില്‍ നിന്ന് കാര്‍പാസ് ഉള്ള വാഹനങ്ങള്‍ മാത്രമേ സ്റ്റേഡിയത്തിലേക്ക് കടത്തിവിടു. കളികാണാന്‍ എത്തുന്നവര്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംമ്പസ് ഘചഇജ മൈതാനം, കാര്യവട്ടം സര്‍ക്കാര്‍ കോളേജ്, കാര്യവട്ടം ബി എഡ് സെന്റര്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.

ഇരുചക്രവാഹനങ്ങള്‍ക്ക് വേണ്ടി സ്റ്റേഡിയത്തിന്റെ പടിഞ്ഞാറെ റോഡില്‍ മൂന്ന് ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ അന്നേദിവസം ശ്രീകാര്യം മുതലുള്ള ദേശീയ പാതയില്‍ കനത്ത ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.