ഇന്ത്യ-ന്യൂസിലൻഡ് ടീമുകൾ തലസ്ഥാനത്ത് എത്തി

single-img
6 November 2017

ട്വന്‍റി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനായി ഇന്ത്യ-ന്യൂസിലൻഡ് ടീമുകൾ തലസ്ഥാനത്ത് എത്തി. രാജ്കോട്ടിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിലാണ് താരങ്ങൾ എത്തിയത്. 12.30ന് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ടീം അംഗങ്ങൾ താമസസ്ഥലമായ കോവളം റാവിസ് ലീലാഹോട്ടലിലേക്ക് പോയി.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിലെ അവസാന മത്സരമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡും ജയിച്ചിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാമെന്നതിനാൽ മത്സരം ആവേശകരമാകും.

2015ൽ ദേശീയ ഗെയിംസിന്റെ ഭാഗമായി നിർമ്മിച്ച കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്. നേരത്തേ 2015 സാഫ് ഫുട്ബാളിന് സ്റ്റേഡിയം വേദിയായിരുന്നു. സ്റ്റേഡിയത്തിലെ പിച്ചുകളുടെയും ഗാലറിയുടെയും ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇരുടീമുകളുടെ ഡ്രെസിംഗ് റൂമുകളും സജ്ജമായി. കനത്ത പൊലീസ് സുരക്ഷയിലാണ് മത്സരം നടത്തുന്നത്. 2500 ഓളം പൊലീസുകാരെയാണ് മത്സരത്തിനായി വിന്യസിച്ചിരിക്കുന്നത്.

മത്സരത്തിനുള്ള ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർന്നിരുന്നു. 42000 പേർക്കാണ് സ്റ്റേഡിയത്തിൽ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ടിക്കറ്റോ പാസോ ഇല്ലാതെ ആരെയും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നാളെ ഉച്ചവരെ ഇത് മത്സരടിക്കറ്റായി മാറിയെടുക്കാൻ സൗകര്യമുണ്ട്. നാളെ വൈകിട്ട് നാല് മണി മുതലാണ് കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം.