ഹാദിയ സന്തോഷവതിയെന്ന് ദേശീയ വനിതാ കമ്മീഷന്‍; ‘മനുഷ്യാവകാശ ലംഘനമില്ല’

single-img
6 November 2017

ഹാദിയയുടെ സുരക്ഷക്ക് ഭീഷണി ഇല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ഹാദിയ സന്തോഷവതിയാണ്. ആരോഗ്യപ്രശ്‌നങ്ങളില്ല. കേസ് കോടതിയിലായതിനാല്‍ ഹാദിയ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും ഹാദിയയെ വൈക്കത്തെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം രേഖ ശര്‍മ മാധ്യമങ്ങളോടു പറഞ്ഞു.

സന്ദര്‍ശന വേളയിലെടുത്ത ഹാദിയയുടെ ചിത്രവും രേഖ ശര്‍മ മൊബൈല്‍ ഉയര്‍ത്തി മാധ്യമങ്ങളെ കാട്ടി. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതായിരുന്നു രേഖ ശര്‍മയുടെ സന്ദര്‍ശനം. മാധ്യമങ്ങള്‍ ആരോപിക്കും പോലെ ഹാദിയ വിഷയത്തില്‍ മാനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നും നടന്നിട്ടില്ല.

എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അധ്യക്ഷ ആരോപിച്ചു. ഹാദിയയുടെ നിലപാടു സംബന്ധിച്ച യാതൊന്നും ചര്‍ച്ചയായില്ലെന്നും 27നു കോടതിയില്‍ ഹാജരാകുമ്പോള്‍ ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശര്‍മ അറിയിച്ചു.

രേഖ ശര്‍മ മൂന്നു ദിവസം കേരളത്തിലുണ്ട്. സമാന സംഭവങ്ങളില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ കാണുന്നുണ്ട്. ഐഎസ് കെണിയില്‍പെട്ടു സിറിയയിലേക്കു കടന്നു എന്നു കരുതുന്ന നിമിഷ ഫാത്തിമയുടെ അമ്മയെയും ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ കാണും. എന്നാല്‍ തൃപ്പൂണിത്തുറയിലേത് അടക്കമുള്ള വിവാദ മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കില്ല.

ഫോട്ടോ കടപ്പാട്: മനോരമ