വിവാഹാഭ്യര്‍ഥന നിരസിച്ചു; കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ബാഗിലാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു; ഡോക്ടര്‍ അറസ്റ്റില്‍

single-img
6 November 2017

കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. വിവാഹാഭ്യര്‍ഥന നിരസിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ബാഗിലാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷന്‍ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്.

പ്രതി കൊല്‍ക്കത്ത സ്വദേശിയായ ഡോക്ടര്‍ മിര്‍സ റഫീഖ് ഹഖിനെ പൊലീസ് അറസ്റ്റു ചെയ്തു. ചയനിക കുമാരിയും ഡോക്ടര്‍ മിര്‍സ റഫീഖ് ഹഖും കഴിഞ്ഞ മൂന്ന് വര്‍ഷമായി പരിചയത്തിലായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാപ്‌റോസ്‌കോപിക് സര്‍ജറിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു.

അതേസമയം ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും മറ്റൊരു ചെറുപ്പകാരന്റെ പേരില്‍ ഇവര്‍ തര്‍ക്കത്തിലായെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പറയുന്നു. വെളളിയാഴ്ച ഹോട്ടല്‍ ജിഞ്ചറിലെ മുറിയില്‍ വച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുര്‍ ടാറ്റാനഗര്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്‌കൂട്ടറിലാണ് റയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ്ങില്‍ ഉപേക്ഷിച്ചത്. സ്റ്റേഷന്‍ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജഡമാണെന്നു തിരിച്ചറിഞ്ഞത്.

പ്രതി കുറ്റം സമ്മതിച്ചതായി ഈസ്റ്റ് സിങ്ക്ബുവം എസ്പി പ്രശാന്ത് ആനന്ദ് അറിയിച്ചു. ജോലിക്കുപോയ ചയനികയെ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിര്‍സ പിടിയിലായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് തെളിവായി ഉപയോഗിച്ചു. ഡോ. മിര്‍സയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.