ചാലക്കുടി രാജീവ് വധക്കേസ്: സി.പി. ഉദയഭാനുവിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

single-img
6 November 2017

തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ചാലക്കുടി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. വ്യാഴാഴ്ച രാവിലെ ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നാല് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയേ അനുവദിച്ചുള്ളൂ.

സെപ്തംബര്‍ 29ന് ചാലക്കുടി തവളപ്പാറയില്‍ കോണ്‍വെന്റിന്റെ ആളൊഴിഞ്ഞ പറമ്പിലാണ് രാജീവ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കഴിഞ്ഞയാഴ്ച ഉദയഭാനുവിന്റെ രണ്ടാമത്തെ സഹോദരന്‍ അജയ്‌ഘോഷിന്റെ വസതിയായ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് മ്യൂസിയത്തിന് സമീപമുള്ള വയലില്‍ റോഡിലെ സൗപര്‍ണികയില്‍ നിന്നാണ് ഉദയഭാനുവിനെ പൊലീസ് പിടികൂടിയത്.

ഉദയഭാനുവും രാജീവും തമ്മിലുള്ള അടുപ്പത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇവര്‍ തമ്മില്‍ തെറ്റിയതോടെ ഉദയഭാനുവില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജീവ് കോടതിയെയും സമീപിച്ചിരുന്നു.

രാജീവ് വധക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് സി.പി ഉദയഭാനു പറഞ്ഞിരുന്നു. കേസിലെ ആദ്യ മൂന്നു പ്രതികള്‍ക്ക് പറ്റിയ കയ്യബദ്ധമാണ് കൊലപാതകം. നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുന്നതിന് വേണ്ടി രാജീവിനെ തട്ടിക്കൊണ്ടുപോയി രേഖകളില്‍ ഒപ്പുവയ്ക്കാനായിരുന്നു പദ്ധതിയിട്ടത്.

അതിനുവേണ്ടി രാജീവിനെ ബന്ദിയാക്കാന്‍ തന്റെ കക്ഷിയായ ജോണിക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, കൊല്ലരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിക്കുന്നതിനിടെ മരണം സംഭവിച്ചു. ചക്കര ജോണിക്കും രഞ്ജിത്തിനും പറ്റിയ കൈയബദ്ധമാണ് രാജീവിന്റെ കൊലപാതകമെന്നും ഡി.വൈ.എസ്.പി ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഉദയഭാനു പറഞ്ഞിരുന്നു.