മദ്യത്തിനു സ്ത്രീകളുടെ പേരു നൽകൂ; നല്ല കച്ചവടമുണ്ടാകും: മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയുടെ ഉപദേശം

single-img
6 November 2017

മദ്യത്തിനു സ്ത്രീകളുടെ പേരു നൽകിയാൽ നല്ല കച്ചവടമുണ്ടാകുമെന്ന് പഞ്ചസാര ഫാക്ടറിയുടമയെ ഉപദേശിച്ച മഹാരാഷ്ട്ര മന്ത്രി വിവാദക്കുരുക്കിൽ. മഹാരാഷ്ട്ര മന്ത്രിസഭയിലെ ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഗിരീഷ് മഹാജൻ ആണു സ്ത്രീപക്ഷ സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടേയും രൂക്ഷവിമർശനത്തിനു പാത്രമായത്.

മുംബൈയിൽ നിന്നും മുന്നൂറു കിലോമീറ്റർ അകലെയുള്ള നന്ദുർബാറിലെ സത്പുട ഷുഗർ ഫാക്ടറിയുടെ കരിമ്പ് ചതച്ച് നീരെടുക്കുന്ന സീസൺ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണു മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതു.

ഇത്തരം ഫാക്ടറികളിൽ പഞ്ചസാര വേർതിരിച്ച ശേഷം ബാക്കിവരുന്ന മൊളാസസ് എന്ന നീരു വാറ്റി മദ്യം ഉല്പാദിപ്പിക്കുന്ന പതിവ് ഇത്തരം ഫാക്ടറികളിലുണ്ട്. ഇത്തരത്തിൽ സത്പുട ഫാക്ടറിയിൽ ഉല്പാദിപ്പിക്കുന്ന ബ്രാൻഡിനു ‘മഹാരാജാ’ എന്നതിനു പകരം ‘മഹാറാണി’ എന്നു പേരു നൽകണമെന്നായിരുന്നു മന്ത്രിയുടെ ഉപദേശം. കോലാപ്പൂരിലേയും സാംഗ്ലിയിലേയും ചില ഫാക്ടറികൾ അവരുടെ ബ്രാൻഡുകൾക്ക് ‘ജൂലി’, ‘ഭിംഗാരി‘, ‘ബോബി‘ തുടങ്ങിയ സ്ത്രൈണ നാമങ്ങൾ നൽകിയ ശേഷം അവരുടെ കച്ചവടം നന്നായി വർദ്ധിച്ചതായും മന്ത്രി പ്രസ്താവിച്ചു.

മന്ത്രിയുടെ പ്രസ്താവന വ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കി. ശ്രമിക് എൽഗർ എന്ന എൻ ജി ഓയുടെ പ്രവർത്തക പരോമിക ഗോസ്വാമി മന്ത്രിക്കെതിരേ ചന്ദ്രപ്പൂർ ജില്ലയിലെ മുൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ വനിതാ വിഭാഗം പ്രവത്തകർ നാസിക്കിൽ മന്ത്രിയുടെ കോലം കത്തിച്ചു.

എന്നാൽ മദ്യത്തിന്റെ വിൽപ്പന കുറവാണെന്ന് ഫാക്ടറി അധികൃതർ പരാതിപ്പെട്ടപ്പോൾ താൻ പാതി തമാശയായി പറഞ്ഞ കാര്യം ഇത്രവലിയ വിവാദമാക്കേണ്ടതില്ലെന്നാണ് ഗിരീഷ് മഹാജന്റെ പ്രതികരണം.  മഹാരാഷ്ട്രയിലെ ചില മുതിർന്ന രാഷ്ട്രീയ നേതാക്കൾ നടത്തുന്ന ഫാക്ടറികളിൽ ഇത്തരം ബ്രാൻഡ് നാമങ്ങൾ നൽകിയ മദ്യത്തിനു നല്ല വിൽപ്പന ഉണ്ടായ കാര്യം താൻ നേരിട്ട് മനസ്സിലാക്കിയതുകൊണ്ടാണു അത്തരം ഒരു പ്രസ്താവന നടത്തിയതെന്നാനു മന്ത്രിയുടെ ന്യായീകരണം. എങ്കിലും അത്തരമൊരു പ്രസ്താവന തെറ്റായിപ്പോയെന്നും അതിനു ഔദ്യോഗികമായി ഉടൻ മാപ്പുപറയുമെന്നും മന്ത്രി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഗിരീഷ് മഹാജൻ ഇതിനു മുൻപും വിവാദങ്ങളിൽപ്പെട്ടിട്ടുള്ളയാളാണു. ഈ വർഷമാദ്യം അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ മഹാജൻ പങ്കെടുത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത കുട്ടികളുടെ കാര്യത്തിനായി നടത്തിയ ഒരു ചടങ്ങിൽ അരയിൽ മറ്റുള്ളവർക്ക് കാണാവുന്ന തരത്തിൽ റിവോൾവർ തിരുകിയ നിലയിൽ ഇദ്ദേഹം പങ്കെടുത്തതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.