നിങ്ങൾ നടുറോഡിൽ നമസ്കരിക്കാൻ വിരിക്കുന്ന പരവതാനിയിലൂടെ ഇവിടേക്ക് ഇരച്ചു കയറുന്നത് സംഘ്പരിവാറാണെന്ന് ഓർമ വേണം: ഡി വൈ എഫ് ഐ നേതാവ് എ എ റഹീം

single-img
6 November 2017

പോപ്പുലർ ഫ്രന്റ് പോലെയുള്ള തീവ്രമത സംഘടനകളുടെ ചെയ്തികൾ എങ്ങനെയാണു സംഘപരിവാറിനെ സഹായിക്കുകയും മുസ്ലീം സമുദായത്തിനു ഭീഷണിയാകുകയും ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ഡി വൈ എഫ് ഐ നേതാവ് എ എ റഹീം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഗെയിൽ വിരുദ്ധ സമരത്തിനിടയിൽ സമരക്കാർ റോഡിൽ നിസ്കാ‍രം നടത്തിയ സംഭവത്തെയാണു റഹീം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചതു.

100മീറ്റർ അപ്പുറത്തു സുന്നിയുടെയും മുജാഹിദിന്റെയും രണ്ടു പള്ളികൾ ഉണ്ടായിരുന്നിട്ടും തെരുവിൽ തന്നെ സുജൂദ് ചെയ്‌യാൻ തീരുമാനിച്ചത് വിശ്വാസത്തിന്റെ ആധിക്യം കൊണ്ടല്ല,മതത്തിന്റെ ബിബം കാട്ടി ഭീഷണിപ്പെടുത്താനാണെന്നാണു റഹീം ആരോപിക്കുന്നത്.

“നിങ്ങൾ നടുറോഡിൽ നമസ്കരിക്കാൻ വിരിക്കുന്ന പരവതാനിയിലൂടെ ഇവിടേക്ക് ഇരച്ചു കയറുന്നത് സംഘ്പരിവാറാണെന്ന് ഓർമ വേണം.വികസനപ്രവർത്തനങ്ങളെ അപായപ്പെടുത്താൻ മതം ആയുധമാക്കുമ്പോൾ സന്തോഷിക്കുന്നത് സംഘ്പരിവാരമാണ് .വികസന വിരുദ്ധസമരത്തിൽ,തൊപ്പി വച്ചു നടുറോഡിൽ സുജൂദ് ചെയ്തു നിൽക്കുന്ന ഫോട്ടോ ഇനിയുള്ള കാലമത്രയും സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ കവർ ഫോട്ടോയാകുമെന്നുറപ്പ് .” റഹീം എഴുതുന്നു.

ശാസ്ത്രത്തെ നിരസിച്ചും വികസനത്തിന് തുരങ്കം വച്ചും മുന്നോട്ടുനീങ്ങുന്ന ഇവര്‍ തന്നെയാണ് വാക്‌സിനുകള്‍ക്ക് എതിരായി നിലപാട് സ്വീകരിച്ചതെന്നും റഹിം ചൂണ്ടിക്കാട്ടി.

ഏ ഏ റഹീമിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം:


“നമസ്കാരം” സമരമുറയാക്കിയവരോട് ….

100മീറ്റർ അപ്പുറത്തു സുന്നിയുടെയും മുജാഹിദിന്റെയും രണ്ടു പള്ളികൾ ഉണ്ടായിരുന്നിട്ടും തെരുവിൽ തന്നെ സുജൂദ് ചെയ്‌യാൻ തീരുമാനിച്ചത് വിശ്വാസത്തിന്റെ ആധിക്യം കൊണ്ടല്ല,മതത്തിന്റെ ബിബം കാട്ടി ഭീഷണിപ്പെടുത്താനാണ്.ഖുതുബ പ്രസംഗവും നമസ്കാരവും ഒരുമിച്ചു ചേരുന്നതാണ് വെള്ളിയാഴ്ചയിലെ ജുമഅ നമസ്.റോഡിൽ
നമസ്‌കരിച്ച സമരക്കാർ “ഖുതുബാ പ്രസംഗമായി”സ്വീകരിച്ചത് ,ലീഗ് നേതാവ് സി പി ചെറിയ മുഹമ്മദിന്റെ പ്രസംഗമാണ്!!.

എന്തിനാണ് മതംപറഞ്ഞു സമരം ചെയ്യുന്നത് ?അടിസ്ഥാനമുള്ള,വസ്തുതാപരമായ ഏതെങ്കിലും ഒരു കാര്യം സമര സമിതി മുന്നോട്ട് വയ്ക്കുന്നില്ല.മുദ്രാവാക്യങ്ങൾക്കു പകരം മത ബിംബങ്ങൾ മുന്നോട്ട് വയ്ക്കുന്നത് മതപരമായ വിവേചനം സൃഷ്ടിക്കാനാണ്.

നിങ്ങൾ നടുറോഡിൽ നമസ്കരിക്കാൻ വിരിക്കുന്ന പരവതാനിയിലൂടെ ഇവിടേക്ക് ഇരച്ചു കയറുന്നത് സംഘ്പരിവാറാണെന്ന് ഓർമ വേണം.വികസനപ്രവർത്തനങ്ങളെ അപായപ്പെടുത്താൻ മതം ആയുധമാക്കുമ്പോൾ സന്തോഷിക്കുന്നത് സംഘ്പരിവാരമാണ് .വികസന വിരുദ്ധസമരത്തിൽ,തൊപ്പി വച്ചു നടുറോഡിൽ സുജൂദ് ചെയ്തു നിൽക്കുന്ന ഫോട്ടോ ഇനിയുള്ള കാലമത്രയും സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ കവർ ഫോട്ടോയാകുമെന്നുറപ്പ് .

കൈ വെട്ടു മുതൽ ഐ എസ് റിക്രൂട്മെൻറ് വരെ ആരോപണങ്ങളുടെ പെരുമഴ നനഞ്ഞു നിൽക്കുന്ന പോപ്പുലർ ഫ്രണ്ട്,വളരെ സമർത്ഥമായി മതത്തിന്റെ “മഴക്കോട്ട”ണിയാൻ ശ്രമിക്കുകയാണിവിടെ.
നിഷ്കളങ്കരായ ജനങ്ങളുടെ മനസ്സിൽ ഭയം വിതറിയാണ് ഗെയിൽ വിരുദ്ധ സമരപ്പന്തലിൽ നിങ്ങൾ ആളെക്കൂട്ടുന്നത്.പദ്ധതിയെ കുറിച്ചു നിങ്ങൾ പ്രചരിപ്പിക്കുന്നതൊക്കെയും കളവെന്ന് ജനം തിരിച്ചറിയുമ്പോഴാണ് സമരത്തിന് ഇന്ധനം പകരാൻ മതം ആയുധമാക്കുന്നത്.

ഗെയിൽ മാത്രമല്ല വാക്സിനുകൾക്കെതിരായ നുണപ്രചരണങ്ങൾക്കും മുന്നിൽ നിൽക്കുന്നത് നിങ്ങളാണ്.അങ്ങനെ,വികസന വിരുദ്ധ നിലപാടുകളുടെബ്രാൻഡ് അംബാസഡർമാരായി മാറിയ ചില മത സംഘടനകൾ…ശാസ്സ്‌ത്രത്തെ നിരാകരിച്ചും നാടിന്റെ വികസനത്തിന് തുരങ്കം വച്ചും നിഗൂഢമായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ….മതചിഹ്നങ്ങൾ നിങ്ങൾക്കു നീചമായ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഉപകരണങ്ങൾ മാത്രമാണ്.