ഉത്തര്‍പ്രദേശില്‍ വിദേശിക്കു നേരെ വീണ്ടും ആക്രമണം

single-img
5 November 2017

കിഴക്കന്‍ യു.പിയിലെ സോന്‍ഭദ്ര ജില്ലയില്‍ ശനിയാഴ്ചയാണ് ജര്‍മനിയില്‍ നിന്ന് എത്തിയ ഹോള്‍ഗര്‍ എറിക് എന്നയാള്‍ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമന്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാഴ്ച മുമ്പ് സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള വിദേശികള്‍ ആഗ്രയില്‍ ആക്രമിക്കപ്പെട്ടിരുന്നു.

ഈ സംഭവം രാജ്യത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഏല്‍പ്പിച്ച ആഘാതം മാറും മുന്‍പേയാണ്, യുപിയില്‍നിന്ന് സമാനമായ സംഭവം വീണ്ടും ഉണ്ടായിരിക്കുന്നത്. അതേസമയം, തന്റെ മുഖത്തടിച്ച ജര്‍മന്‍ പൗരന്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് താന്‍ അയാളെ മര്‍ദ്ദിച്ചതെന്നാണ് അമാന്‍ കുമാറിന്റെ വിശദീകരണം.

റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ജര്‍മന്‍കാരനോട് താന്‍ ‘ഇന്ത്യയിലേക്ക് സ്വാഗതം’ എന്നു പറഞ്ഞപ്പോഴാണ് അയാള്‍ തന്നെ ഉപദ്രവിച്ചതെന്നും കുമാര്‍ മൊഴി നല്‍കി. എന്നാല്‍, സംഭവസമയത്ത് കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ജര്‍മന്‍കാരനോട് കുമാര്‍ പേരും വിശദാംശങ്ങളും തിരക്കി. മദ്യത്തിന്റെ മണമടിച്ചതിനാല്‍ ജര്‍മന്‍കാരന്‍ പ്രതികരിക്കാതെ നടന്നുനീങ്ങി. ഇതില്‍ ക്രുദ്ധനായി കുമാറും കൂട്ടുകാരും ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.