ട്വന്റി 20 മത്സരത്തിനായി ഇന്ത്യ, ന്യൂസിലന്‍ഡ് താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്തെത്തും; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്ണൊഴുകുമെന്ന് വിദഗ്ധര്‍

single-img
5 November 2017

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടി20 മല്‍സരത്തിനുള്ള ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ ഇന്നു തലസ്ഥാനത്തെത്തും. രാത്രി 11.30ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന താരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ താമസസ്ഥലമായ കോവളം ലീലാ ഹോട്ടലിലേക്കു പോവും.

കനത്ത പോലീസ് സുരക്ഷയിലാവും ടീമംഗങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോവുക. നാളെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇരുടീമുകളും പരിശീലനം നടത്തും. ചെവ്വാഴ്ച വൈകീട്ട് ഏഴിനാണ് മല്‍സരം. മികച്ച നിലവാരത്തിലുള്ള ഗ്രൗണ്ടാണ് മല്‍സരത്തിനായി തയ്യാറാക്കിയിട്ടുള്ളതെന്ന് ബിസിസിഐ മാച്ച് റഫറി പി രംഗനാഥന്‍ അറിയിച്ചു. രണ്ടു ടീമുകളും മികച്ച ഫോമിലാണ്.

ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ റണ്‍സ് ഒഴുകുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ ദിവസം നടന്ന പരിശീലന മല്‍സരത്തില്‍ കളിച്ച പ്രാദേശിക ടീമുകള്‍ മികവുറ്റ ബാറ്റിങ് പ്രകടനമാണു നടത്തിയത്. ഗ്രൗണ്ടില്‍ മികച്ച ഡ്രെയിനേജ് സംവിധാനം ഒരുക്കിയിട്ടുള്ളതിനാല്‍ മഴ പെയ്താലും കളി തടസ്സപ്പെടില്ല.

മഴ പെയ്യില്ലെന്നാണു പ്രതീക്ഷിക്കുന്നത്. വേഗത്തില്‍ ഡ്രൈ ആവുന്ന ഗൗണ്ടിന്റെ ഔട്ട്ഫീല്‍ഡ് മികച്ചതായതിനാല്‍ യാതൊരു ആശങ്കയ്ക്കും വകയില്ല. കളിക്കാര്‍ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഗ്രൗണ്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിലെ 45,000 വരുന്ന സീറ്റുകളും നിറഞ്ഞുകവിയും എന്നതാണ് ടിക്കറ്റ് വില്‍പന സൂചിപ്പിക്കുന്നത്.