നാടിന് വഴിയൊരുക്കാന്‍ 35 വര്‍ഷം ജീവിച്ച വീട്ടില്‍ നിന്ന് മന്ത്രി ജി സുധാകരന്‍ പടിയിറങ്ങി

single-img
5 November 2017

ദേശീയപാത വികസനത്തിന് സ്ഥലം വിട്ടുനല്‍കാനായി മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി താമസിച്ച വീട്ടില്‍നിന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പടിയിറങ്ങി. ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി 45 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ മന്ത്രിയുടെ വീടിന്റെ പകുതിയോളം പൊളിച്ചുമാറ്റേണ്ടിവരും.

ഇതോടെയാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ തൂക്കുകുളം ജങ്ഷന് സമീപത്തെ വീട്ടില്‍ നിന്ന് മന്ത്രി മാറിയത്. പറവൂര്‍ ഗവ. സ്‌കൂളിന് സമീപം 10 വര്‍ഷത്തോളം പഴക്കമുള്ള മൂന്നു കിടപ്പുമുറികളുള്ള ഇരുനില വീട്ടിലേക്കാണ് ഭാര്യ ജൂബിലി നവപ്രഭ, മകന്‍ നവനീത്, മരുമകള്‍ രശ്മി എന്നിവര്‍ക്കൊപ്പം മന്ത്രി താമസം മാറ്റിയത്.

ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഘട്ടത്തിലാണ് വീതിവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്. എന്നാല്‍ സ്ഥലം വിട്ടുനല്‍കാനാകില്ലെന്നുകാട്ടി ചില സംഘടനകളും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മറ്റുള്ളവര്‍ക്ക് മാതൃകകാട്ടി മന്ത്രി വീടൊഴിഞ്ഞത്.