ദേശീയ ഗാനത്തിനിടെ കരച്ചിലടക്കാനാകാതെ സിറാജ്; അരങ്ങേറ്റ മത്സരത്തില്‍ വൈകാരിക നിമിഷങ്ങള്‍

single-img
5 November 2017

കഴിഞ്ഞ ദിവസം രാജ്‌കോട്ടില്‍ നടന്ന ഇന്ത്യ ന്യൂസിലാന്റ് ട്വന്റി20 മത്സരത്തില്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ് അരങ്ങേറ്റത്തിനിറങ്ങിയപ്പോള്‍ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് സ്റ്റേഡിയം സാക്ഷിയായത്. രവിശാസ്ത്രിയില്‍ നിന്നും ക്യാപ്പ് സ്വീകരിച്ച് കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ സിറാജിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

കിവീസിന്റെ ദേശീയഗാനത്തിന് ശേഷം ഇന്ത്യയുടെ ദേശീയഗാനം ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ സിറാജിന് കരച്ചിലടക്കാനായില്ല. സിറാജ് കണ്ണുതുടക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അരങ്ങേറ്റ മല്‍സരത്തില്‍ ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണിന്റെ വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്.

സ്‌കൂള്‍ ക്രിക്കറ്റിലൂടെ വളര്‍ന്ന സിറാജിന് വഴിത്തിരിവായത് ആഭ്യന്തര ക്രിക്കറ്റാണ്. രജ്ഞി ട്രോഫി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയതോടെ ഐ.പി.എല്‍ ടീമില്‍ എത്തിച്ചേര്‍ന്നു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2.6 കോടിക്കാണ് സിറാജിനെ ടീമിലെടുത്തത്.

സണ്‍റൈസേഴ്‌സിന് വേണ്ടി കാഴ്ച്ചവെച്ച പ്രകടനമാണ് സിറാജിനെ ഇന്ത്യന്‍ കുപ്പായത്തില്‍ എത്തിച്ചത്. സിറാജിന്റെ മികവ് ആദ്യം ശ്രദ്ധിച്ചത് രാഹുല്‍ ദ്രാവിഡാണ്. ഐ.പി.എല്‍ മികവിന് ശേഷം സിറാജിനെ ഇന്ത്യന്‍ എ സംഘത്തിലേക്ക് വിളിച്ചത് ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡായിരുന്നു.

അച്ചടക്കത്തിന്റെ വക്താവായ ദ്രാവിഡ് ഒരു കാര്യം മാത്രമാണ് സിറാജിനോട് പറഞ്ഞത് നിന്റെ സ്വാഭാവിക ശൈലിയില്‍ പന്തെറിയുക. വേഗത കുറക്കരുത്. വാക്കുകള്‍ അതേ പടി നടപ്പിലാക്കിയ സിറാജ് ഇന്ത്യന്‍ താരമായി. ഹൈദരാബാദില്‍ നിന്നുള്ള സിറാജ് ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്റെ വരുമാനത്തില്‍ നിന്നാണ് തന്റെ സ്വപ്നം പൂര്‍ത്തിയാക്കിയത്.