സൗദി അറേബ്യയില്‍ കൂട്ട അറസ്റ്റ്; പിടിയിലായവരില്‍ 11 രാജകുമാരന്മാരും മന്ത്രിമാരും: മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

single-img
5 November 2017

സൗദി ഭരണ നേതൃത്വത്തില്‍ അഴിമതിയാരോപണത്തെ തുടര്‍ന്ന് 11 രാജകുമാരന്മാരും നാല് മന്ത്രിമാരും അറസ്റ്റില്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തലവനായ അഴിമതി വിരുദ്ധ സമിതിയാണ് നടപടിയെടുത്തത്. നിരവധി മുന്‍ മന്ത്രിമാരും, സൗദി ബില്യണയര്‍ അല്‍ വലീദ് ബിന്‍ തലാനിയെയും അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രിമാരും രാജകുമാരന്‍മാരും അഴിമതി നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി വിരുദ്ധ സമിതി അന്വേഷണം നടത്തിയത്. സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം അഴിമതിക്കാര്‍ക്കെതിരേ നടത്തുന്ന നിര്‍ണായക നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകന്‍ മിത്അബ് അബ്ദുല്ല രാജകുമാരനെ നാഷനല്‍ ഗാര്‍ഡിന്റെ ചുമതലയുള്ള മന്ത്രിപദവിയില്‍നിന്നു നീക്കി.

ഖാലിദ് ഇയാഫ് ആലുമുഖ്‌രിന്‍ രാജകുമാരനാണു പകരക്കാരന്‍. തൊഴില്‍ രംഗത്ത് ഊര്‍ജിത സൗദിവത്ക്കരണം നടപ്പാക്കാനായി ‘നിതാഖാത്ത്’ നടപ്പാക്കിയതിലൂടെ പ്രശസ്തനായ മുന്‍ തൊഴില്‍ മന്ത്രിയും നിലവിലെ ഇക്കണോമി ആന്‍ഡ് പ്ലാനിങ് വകുപ്പ് മന്ത്രിയുമായ എഞ്ചിനീയര്‍ ആദില്‍ മുഹമ്മദ് ഫഖീഹിനെയും ഒഴിവാക്കി.

പകരക്കാരനായി മുഹമ്മദ് അല്‍തുവൈജിരിയെ നിയമിച്ചിട്ടുമുണ്ട്. അതോടൊപ്പം, നാവിക സേനയുടെ തലവനായിരുന്ന അബ്ദുല്ല അല്‍സുല്‍ത്താനെയും മാറ്റിയിട്ടുണ്ട്. ഫഹദ് അല്‍ഖഫീലിയ്ക്കാണു പകരം ചുമതല.