സൗദിയില്‍ അനധികൃതമായി പണം സമ്പാദിക്കുകയോ, ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്താല്‍ 15 വര്‍ഷം തടവ്; ഏഴുപത് ലക്ഷം റിയാല്‍ പിഴയും; നിയമം പ്രാബല്യത്തിലായി

single-img
5 November 2017

പണംവെളുപ്പിക്കല്‍ തടയുന്നതിനായി സൗദി മന്ത്രിസഭ അംഗീകരിച്ച നിയമം ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലായി. ഇതോടെ പണം വെളുപ്പിച്ചാല്‍ 15 വര്‍ഷം തടവും ഏഴുപത് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. ഇതിനു പുറമെ പിടിക്കപ്പെടുന്ന സ്വദേശിക്ക് തടവുകാലത്തിന് സമാനമായ കാലം വിദേശ യാത്രക്ക് വിലക്കുണ്ടാകും.

പ്രതി വിദേശിയാണെങ്കില്‍ ജയില്‍ ശിക്ഷക്ക് പുറമെ നാടുകടത്തും. ഇവര്‍ക്ക് പിന്നെ സൗദിയിലേക്ക് തിരിച്ചുവരാനാകില്ല. പണം വെളുപ്പിക്കലിന്റെ രീതിയനുസരിച്ച് ശിക്ഷ കഠിനമാകും. ആയുധം ഉപയോഗിക്കല്‍, അധികാര ദുര്‍വിനിയോഗം, മനുഷ്യക്കടത്ത്, കുറ്റകൃത്യത്തിന് സംഘം ചേരല്‍, ചാരിറ്റി, വിദ്യാഭ്യാസ, പൊതുനന്മക്കുള്ള സ്ഥാപനങ്ങള്‍ പണം വെളുപ്പിക്കലിന് ഉപയോഗിക്കല്‍, സാമൂഹ്യസ്ഥാപനങ്ങളുടെ ദുര്‍വിനിയോഗം, കുറ്റകൃത്യങ്ങളില്‍ മുമ്പ് പങ്കാളിത്തമുണ്ടായിരിക്കല്‍ എന്നിവ കൂടി വന്നാല്‍ ശിക്ഷകള്‍ ഒന്നിച്ചനുഭവിക്കണം.

അനധികൃതമായി പണം ട്രാന്‍സ്ഫര്‍ ചെയ്യല്‍, പണം കടത്തല്‍, അനധികൃതമായി സമ്പാദിച്ച പണം ഒളിപ്പിക്കാന്‍ സഹായിക്കല്‍, കുറ്റവാളികളെ സഹായിക്കല്‍, പണത്തിന്റെ സ്രോതസ് മറച്ചുവെക്കല്‍, പണം വെളുപ്പിക്കുന്നതിന് പങ്കാളിത്തം വഹിക്കല്‍ എന്നിവയും കുറ്റകരമാണ്. സൗദി പബ്‌ളിക് പ്രോസിക്യൂഷനാണ് ഇത്തരം കുറ്റങ്ങള്‍ക്ക് വേണ്ടി സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജറാവുക.