കായംകുളത്ത് നവവധു ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; എട്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം കല്യാണം കഴിച്ചവള്‍ ഹണിമൂണ്‍ കഴിഞ്ഞു വന്നയുടന്‍ ഒളിച്ചോടിയ ഞെട്ടലില്‍ ഭര്‍ത്താവ്

single-img
5 November 2017

എട്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹം ചെയ്ത യുവതി മധുവിധുവിന് പോയി വന്ന ശേഷം ഭര്‍ത്താവിന്റെ ആത്മാര്‍ത്ഥ സുഹൃത്തിനൊപ്പം ഒളിച്ചോടി. കായംകുളം ചിങ്ങോലി സ്വദേശിയായ യുവാവിന്റെയും സ്വകാര്യ കോളേജ് അദ്ധ്യാപികയായ യുവതിയുടെയും വിവാഹം കഴിഞ്ഞ മാസം 20നായിരുന്നു.

വലിയ ആര്‍ഭാടത്തോടെയാണ് ഇരുവരുടേയും വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം ഇരുവരും വാഗമണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഹണിമൂണിനും പോയിരുന്നു. ഇതുകഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോകുന്നുവെന്നും ഭര്‍ത്താവിന്റെ മൊബൈലിലേക്ക് മെസ്സേജയച്ച ശേഷം യുവതി ഇറങ്ങിപ്പോയത്.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഈ യുവതിയുമായി യുവാവ് പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. പെണ്‍കുട്ടി എംഎഡ് പാസ്സായ ശേഷം ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററിലും പിന്നീട് ഒരു കോളേജിലും കരാര്‍ അടിസ്ഥാനത്തില്‍ പഠിപ്പിക്കുകയായിരുന്നു.

ഇതിനിടെ രണ്ട് വര്‍ഷം മുന്‍പ് യുവാവ് നഴ്‌സായി വിദേശത്ത് ജോലിക്ക് പോയി. ഗള്‍ഫിലായിരുന്നപ്പോള്‍ പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുത്ത് വിട്ടത് അയല്‍വാസിയുടെ മേല്‍വിലാസത്തിലാണ്. പിന്നീട് ഇയാളാണ് സമ്മാനങ്ങള്‍ പെണ്‍കുട്ടിക്ക് എത്തിച്ച് കൊടുത്തിരുന്നത്.

ഇങ്ങനെയാണ് അയല്‍വാസിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് കല്ല്യാണത്തിന് ഉള്‍പ്പടെ എല്ലാ കാര്യങ്ങള്‍ക്കും ഓടി നടന്നതും ഈ യുവാവ് തന്നെയായിരുന്നു. കല്യാണത്തിന് ആഭരണവും വസ്ത്രങ്ങളുമെടുക്കുന്നതിനും മറ്റുമെല്ലാം രണ്ട് വീട്ടുകാര്‍ക്കൊപ്പവും യുവാവ് ഉണ്ടായിരുന്നു.

വിവാഹ സമ്മാനമായി വരനും വധുവിനും ഇയാള്‍ ഒരോ സ്വര്‍ണ്ണമോതിരവും സമ്മാനിച്ചിരുന്നു. മണിയറയൊരുക്കാനും വിവാഹം ആഘോഷമാക്കാനും മുന്നില്‍ നിന്നത് ഇയാളായിരുന്നു. ബാല്യകാലം മുതലുള്ള സുഹൃത്തായ അയല്‍വാസി തന്നോട് ഇപ്രകാരം ഒരു ചതി ചെയ്യുമെന്ന് കരുതിയില്ലെന്ന് യുവാവ് സുഹൃത്തുക്കളോട് പറഞ്ഞു.

വിവാഹത്തിന് ശേഷവും രാത്രികാലങ്ങളില്‍ സ്ഥിരമായി പെണ്‍കുട്ടിക്ക് ഫോണില്‍ മെസേജുകള്‍ വരാറുണ്ടായിരുന്നുവെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് പലപ്പോഴും ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും യുവാവ് പറയുന്നു. എന്തായാലും യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഇപ്പോള്‍ ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് യുവാവിന്റെ ബന്ധുക്കള്‍.