ലാവലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരേ സിബിഐ സുപ്രീം കോടതിയിലേക്ക്

single-img
5 November 2017

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കും. ഈ മാസം 20ന് മുമ്പ് അപ്പീല്‍ ഹര്‍ജി നല്‍കാനാണ് സി.ബി.ഐയുടെ തീരുമാനം.

പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.

ഹൈക്കോടതി വിധി പൂര്‍ണമായും തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്ന് വ്യക്തമാക്കിയ സിബിഐ ഉദ്യോഗസ്ഥര്‍ വിധി പകര്‍പ്പ് കിട്ടിയശേഷം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു പറഞ്ഞിരുന്നു. കരാറുമായി ബന്ധപ്പെട്ട് ലാവ്‌ലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിബിഐ കണ്ടെത്തല്‍ നിലനില്‍ക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതിയുടെ ഉത്തരവ് ചീഫ് ജസ്റ്റീസ് പി. ഉബൈദ് അധ്യക്ഷനായ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. പിണറായിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും പിണറായി വിജയനടക്കം മൂന്നു പ്രതികള്‍ വിചാരണ നേരിടേണ്ടെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.