കുവൈത്തില്‍ 30 വയസ്സ് തികയാത്ത ഡിപ്ലോമ ഡിഗ്രി ഹോള്‍ഡര്‍മാര്‍ക്കു തൊഴില്‍ വിസ അനുവദിക്കില്ല

single-img
5 November 2017

കുവൈത്തില്‍ 30 വയസ്സിനു താഴെയുള്ള തൊഴിലാളികള്‍ക്ക് വിസ അനുവദിക്കുന്നതിനു ഡിപ്ലോമയില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് മാനവ വിഭവ ശേഷി സമിതിയുടെ ഭരണ വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചതായി അല്‍ അന്‍ ബാ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.

2018 മുതല്‍ തീരുമാനം കര്‍ശ്ശനമായി നടപ്പിലാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു. ഡിപ്ലോമയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശി ഉദ്യോഗാര്‍ത്ഥികള്‍ 30 വയസ്സ് പൂര്‍ത്തിയായവരാണെങ്കില്‍ മാത്രം പുതുതായി തൊഴില്‍ വിസ അനുവദിച്ചാല്‍ മതിയെന്ന കടുത്ത തീരുമാനമാണ് കുവൈത്ത് കൈക്കൊണ്ടിരിക്കുന്നത്.

പഠനത്തിന് ശേഷം മതിയായ തൊഴില്‍ പരിശീലനം നാട്ടില്‍നിന്ന് ലഭിച്ചവരെ മാത്രം റിക്രൂട്ട് ചെയ്യുന്നതിലൂടെ രാജ്യത്തെ തൊഴില്‍ വിപണിയില്‍ വ്യാപകമായ ക്രമീകരണം വരുത്താനാണു പുതിയ ഉത്തരവിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജോലി തേടിയെത്തുന്നതു തടയുക എന്ന ഉദ്ദേശവും തീരുമാനത്തിന് പിന്നിലുണ്ട്.

അഭ്യസ്തവിദ്യരായ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ . വിദേശത്തു നിന്നുള്ള റിക്രൂട്ട്‌മെന്റിനു പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താനായുള്ള നിര്‍ദേശത്തിനു മാന്‍പവര്‍ അതോറിറ്റിയിലെ ബോര്‍ഡ് ഓഫ് കൗണ്‍സില്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

പുതുതായി എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു തൊഴില്‍ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം ഉണ്ടായിരിക്കണമെന്ന നിബന്ധനയും അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. പുതിയ ഉത്തരവ് അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലാകും.