വികസനത്തെ പരിഹസിക്കുന്ന പ്രചാരണം ലോകത്ത് ആദ്യമെന്ന് കോണ്‍ഗ്രസിനെ കുത്തി അരുണ്‍ ജയ്റ്റ്‌ലി

single-img
5 November 2017

ഗുജറാത്തില്‍ വികസനത്തെ കളിയാക്കുന്ന അസാധാരണ പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വികസനം മറന്ന് മതസ്പര്‍ധയാണ് കോണ്‍ഗ്രസ് വളര്‍ത്തുന്നത്. ഇത്തവണ അവരുടെ പ്രചാരണ രീതികള്‍ തീര്‍ത്തും അസ്വാഭാവികമാണ്.

വികസനത്തെ ഒരു മോശം കാര്യമായി ഉയര്‍ത്തിക്കാട്ടി ഒരു പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ലോകത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും. ദാരിദ്ര്യം തുടച്ചുനീക്കാനും പിന്നാക്കാവസ്ഥ പരിഹരിക്കാനും വികസനം വന്നേ തീരൂ. എന്നിട്ടും വികസനത്തെ പരിഹസിക്കുകയാണ് കോണ്‍ഗ്രസുകാരെന്ന് ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

ഗുജറാത്തില്‍ രാഷ്ട്രീയ നേട്ടത്തിനായി ജാതീയചിന്തയുടെ വിത്തു പാകുകയാണ് കോണ്‍ഗ്രസ് എന്നും ജയ്റ്റ്‌ലി ആരോപിച്ചു. ജിഎസ്ടിയെക്കുറിച്ച് വിവരമില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ നികുതി വ്യവസ്ഥയെ കുറ്റപ്പെടുത്തുന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായും ജയ്റ്റ്‌ലി വ്യക്തമാക്കി.