പ്രേക്ഷകനെ ചിരിപ്പിക്കുന്ന ‘ഗൂഢാലോചന’

single-img
5 November 2017

ജീവിതത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി ഒരുകൂട്ടം ചെറുപ്പക്കാര്‍ തങ്ങളുടേതായ ചില സംരംഭങ്ങള്‍ തേടിയിറങ്ങുന്ന ചിത്രമാണ് ഗൂഢാലോചന. ചുരുക്കം പറഞ്ഞാല്‍ ആശയങ്ങള്‍ തേടി അത് നടപ്പിലാക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണെന്ന് ഒറ്റവാക്കില്‍ സിനിമയെ വിശേഷിപ്പിക്കാം. നര്‍മത്തില്‍ മുന്നോട്ട് പോകുന്ന സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ലെങ്കിലും തരക്കേടില്ലാത്ത സിനിമയാണിത്. കോഴിക്കോടന്‍ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്.

വീട്ടുകാരുടെ ശകാരത്താല്‍ ബിസിനസ്സ് പ്ലാന്‍ ചെയ്യുകയും പിന്നീട് ചില പണമിടപാടുകളില്‍ ചെന്നുപ്പെടുന്നു, പിന്നീടത് തട്ടിപ്പും വെട്ടിപ്പുമായാണ് കഥ പുരോഗമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വരുണ്‍, ജയപ്രകാശ്, ജംഷീര്‍, അജാസ് എന്നീ നാലു ചെറുപ്പക്കാരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

സിനിമയുടെ ആദ്യാവസാനവും ചിരി തന്നെയാണ്. എന്നാല്‍ ചിത്രത്തില്‍ ഒരു ലോജിക്കുമില്ല. കാര്യമായി എന്തെങ്കിലും ഉണ്ടെന്ന് പ്രതീക്ഷിച്ച് തിയേറ്ററില്‍ പോകേണ്ടതില്ല. ആദ്യപകുതിയില്‍ ഹരീഷ് കണാരന്റെ കോമഡിയാണ് പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നത്.

ചിത്രം തുടങ്ങുമ്പോള്‍ തന്നെ പറയുന്നുണ്ട് ഒരു കൂട്ടം ചെറുപ്പക്കാരായ സുഹൃത്ത് ബന്ധങ്ങളുടെയും വ്യക്തി ബന്ധങ്ങളുടെയും കഥയാണ് ഈ സിനിമ പറയാന്‍ പോകുന്നതെന്ന്. എന്നാല്‍ അത്തരം ആത്മബന്ധം ആഴത്തില്‍ പ്രേക്ഷകരിലേക്ക് പതിപ്പിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടില്ലയെന്നതാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം ഇടയ്ക്കിടെ സ്വാര്‍ത്ഥത അല്പം ഉള്ളില്‍ കൊണ്ടു നടക്കുന്നവരാണോയെന്ന് തോന്നിപ്പോകുന്നുണ്ട്. അവര്‍ക്ക് തനിയെ രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നവരാണ്.

ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ അല്പം കൂടി സീരിയസ്സാവാന്‍ തിരക്കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. വരുണിന്റെ അച്ഛന്‍ അലന്‍സിയറിന് ബീച്ചിനോട് ചേര്‍ന്ന് ഹോട്ടലുണ്ട്. അവിടെ എം എഫ് ഹുസൈന്‍ വരച്ച ഒരു ചിത്രമുണ്ട്. പിന്നീട് ഈ ചെറുപ്പകാരുടെ കണ്ണ് മുഴുവന്‍ ഈ ചിത്രത്തിലേക്കാണ്.

ഇതിലേക്കാണ് ഇവരുടെ ഗൂഢാലോചന കേന്ദ്രീകരിക്കുന്നതും. രണ്ടാം പകുതിയില്‍ ചിത്രത്തിന് ഹാസ്യം നല്‍കുന്നത് അജുവര്‍ഗ്ഗീസും വിഷ്ണുമാണ്. അവസാന ഭാഗത്തേക്ക് കടക്കുമ്പോള്‍ ചില അനാവശ്യ രംഗങ്ങളും വലിച്ചു നീട്ടലുകളും പ്രേക്ഷകനെ അല്പം നിരാശപ്പെടുത്തുന്നുണ്ട്. ഈ ചിത്രത്തിന് എപ്പോഴും ജീവന്‍ പകരുന്നത് കോമഡി തന്നെയാണ്.

അജുവര്‍ഗീസും, ധ്യാന്‍ ശ്രീനിവാസനും, ശ്രീനാഥ് ഭാസിയും, വിഷ്ണുവുമെല്ലാം നല്ല പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. ചിത്രത്തിലെ നായിക കഥാപാത്രമായ നിരഞ്ജനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു. മംമ്ത മോഹന്‍ദാസും നല്ല വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ പുതുമകളൊന്നും കൊണ്ടുവരാന്‍ സംവിധായകന്‍ തോമസ് സെബാസ്റ്റിയനും തിരക്കഥാകൃത്തായ ധ്യാന്‍ ശ്രീനിവാസനും ശ്രമിച്ചിട്ടില്ലയെന്നയെന്നതാണ്. ചിത്രത്തിന്റെ തുടക്കത്തിലുള്ള ഗോപീസുന്ദറിന്റെ ഗാനം നന്നായിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സിനിമയാണെങ്കിലും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ കഴിയുന്നുണ്ട്. മനസ്സുനിറയെ ചിരിക്കണമെന്നുള്ളവര്‍ക്ക് മടിച്ചു നില്‍ക്കാതെ ടിക്കറ്റ് എടുക്കാം.