ഗെയില്‍ വിരുദ്ധ സമരം: സര്‍വകക്ഷി യോഗത്തിലേക്ക് സമരക്കാര്‍ക്കും ക്ഷണം

single-img
5 November 2017

ഗെയില്‍ പൈപ്പ് ലൈനിനെതിരെ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കോഴിക്കോട് കലക്ടറേറ്റില്‍ നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം. ഗെയില്‍ വിരുദ്ധ സമരസമിതിയിലെ രണ്ടുപേരെ യോഗത്തിലേക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു.

ചര്‍ച്ച ഫലവത്തായില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ എരഞ്ഞിമാവില്‍ കുടില്‍ കെട്ടി സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം. ഗെയില്‍ പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് സമരം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

കൊച്ചി മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നാളെ വൈകിട്ടു നാലിനു കലക്ടറേറ്റില്‍ മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച നടത്തുന്നത്. പൈപ്പ് ലൈന്‍ കടന്നുപോവുന്ന പ്രദേശങ്ങളിലെ എംപിമാര്‍, എംഎല്‍എമാര്‍, നഗരസഭ ചെയര്‍മാന്മാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെയും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളെയുമാണു ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുക.

അതേസമയം സമരത്തിന്റെ പേരില്‍ ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. നാടിന്റെ വികസനത്തിന് ചിലര്‍ തടസം നില്‍ക്കുകയാണ്. യോഗ്യതുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നമ്മുടെ നാട്ടില്‍ തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. എന്ത് വികസനം കൊണ്ടുവന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുകയാണ്. എന്നാല്‍ വികസന വിരോധികളുടെ സമരത്തില്‍ പദ്ധതികള്‍ നിര്‍ത്തുന്ന കാലം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.