ഇന്ത്യ ന്യൂസിലാന്റ് ട്വന്റി-20 ഫൈനൽ തിരുവനന്തപുരത്ത്

single-img
4 November 2017

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ന്യൂസിലാന്റിന് 40 റൺസിന്റെ മികച്ച വിജയം. കിവീസിന്‍റെ 197 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളു. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കോഹ്ലിയും 49 റണ്‍സെടുത്ത ധോണിയും പൊരുതിനോക്കിയെങ്കിലും കിവീസ് ഉയര്‍ത്തിയ റണ്‍മല മറികടക്കാനായില്ല.

ഇതോടെ പരമ്പര 1-1 ന് ഇരുടീമുകളും തുല്യത പാലിച്ചു. നവംബർ ഏഴിന് തിരുവനന്തപുരത്താണ് പരമ്പരയിലെ അവസാന മത്സരം. ഈ മത്സരം വിജയിക്കുന്നവർക്ക് പരമ്പരയിൽ ജേതാക്കളാകാം.

നേരത്തേ, കോളിന്‍ മണ്‍റോയുടെ സെഞ്ചുറി മികവിലാണ് ന്യൂസിലന്‍ഡ് 196 റൺസ് അടിച്ചെടുത്തത്. 58 പിന്തില്‍ നിന്ന് 109 റണ്‍സെടുത്ത മണ്‍റോ പുറത്താകാതെനിന്നു. ഏഴും സിക്‌സും ഏഴ് ഫോറുമടങ്ങിയതാണ് അദ്ദേഹത്തിന്‍റെ ഇന്നിംഗ്‌സ്. രാജ്യാന്തര ട്വന്‍റി-20യില്‍ ഒരു വര്‍ഷം രണ്ടു സെഞ്ചുറി നേടുന്ന ആദ്യത്തെ താരമാണ് കോളിന്‍ മണ്‍റോ.

ഇന്ത്യയ്‌ക്കായി അരങ്ങേറ്റ മൽസരം കളിക്കാനിറങ്ങിയ ഹൈദരാബാദുകാരൻ മുഹമ്മദ് സിറാജ് നാല് ഓവറിൽ 53 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്‌ത്തിയത്. ട്വന്റി-20 അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന മൂന്നാമത്തെ താരമാണ് സിറാജ്. നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങിയ ജസ്‌പ്രീത് ബുംറ, 29 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാർ എന്നിവരാണ് ന്യൂസീലൻഡ് സ്കോർ 200 കടക്കാതെ കാത്തത്.