വിമാന യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം പങ്കു വെച്ച് പിവി സിന്ധു

single-img
4 November 2017

മുംബൈ: വിമാന യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം പങ്കു വെച്ച് ബാഡ്മിന്റണ്‍ താരം പിവി സിന്ധു. മിംബൈ യാത്രക്കിടെ ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ വെച്ച് ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് എന്ന വ്യക്തിയില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടാവുകയായിരുന്നെന്ന് സിന്ധു പറയുന്നു.

ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ അനുഭവം സിന്ധു പങ്കു വെച്ചത്. അജിതേഷ് എന്നയാള്‍ വളരെ മോശമായും പരുക്കനായുമാണ് തന്നോട് പെരുമാറിയതെന്ന് മറ്റൊരു പോസ്റ്റില്‍ സിന്ധു കുറിച്ചു. അജിതേഷിന്റെ പെരുമാറ്റം കണ്ട് അഷിത എന്ന എയര്‍ഹോസ്റ്റസ് ഇയാളോട് മാന്യമായി പെരുമാറാന്‍ ആവശ്യപ്പെട്ടെങ്കിലും അജിതേഷ് അഷിതയോടും ദേഷ്യപ്പെടുകയായിരുന്നുവെന്നും സിന്ധു പറയുന്നു.

ഇത്തരത്തില്‍ മോശമായി പെരുമാറുന്ന സ്റ്റാഫ് ഇന്‍ഡിഗോ പോലുള്ള പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍ കമ്പനിയുടെ പെരുമ നഷ്ടമാകുമെന്നും പി വി സിന്ധു മുന്നറിയിപ്പ് നല്‍കി. ഇതിനെ കുറിച്ച് അഷിമ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് സിന്ധു പിന്നീട് ട്വീറ്റ് ചെയ്തു.

സംഭവം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ സിന്ധുവിന് പിന്തുണയുമായെത്തി. പ്രശസ്ത താരങ്ങള്‍ക്കു പോലും ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.