കമല്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദു മഹാസഭ

single-img
4 November 2017

കമല്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. രാജ്യത്ത് ഹൈന്ദവ തീവ്രവാദം ഉണ്ടെന്ന കമലിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ഹിന്ദു മഹാസഭയുടെ വധഭീഷണി. ഈ വിശുദ്ധ ഭൂമിയില്‍ ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറയുന്നവരാരും ഇവിടെ ജീവിക്കേണ്ടതില്ലെന്ന് ഹിന്ദുമഹാസഭാ വൈസ് പ്രസിഡണ്ട് അശോക് ശര്‍മ്മ പറഞ്ഞു.

കമല്‍ ഹാസനേയും അദ്ദേഹത്തെപ്പോലെയുള്ളവരേയും ഒന്നുകില്‍ വെടിവെച്ചോ തൂക്കിയോ കൊല്ലണമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധമായ ഈ രാജ്യത്ത് ജീവിച്ചുകൊണ്ട് ഹിന്ദുമതവിശ്വാസത്തെ അധിക്ഷേപിച്ച് ശബ്ദമുയര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നവര്‍ തങ്ങളുടെ തെറ്റിന് കൊല്ലപ്പെടുക തന്നെ വേണം. എന്നാലേ ഇക്കൂട്ടര്‍ പാഠം പഠിക്കൂവെന്നും അശോക് ശര്‍മ പറഞ്ഞു.

അതിനിടെ കമല്‍ഹാസനും അദ്ദേഹത്തിന്റെ ബന്ധുക്കളും അഭിനയിക്കുന്ന സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ മീററ്റ് പ്രസിഡന്റ് അഭിഷേക് അഗര്‍വാള്‍ ആവശ്യപ്പെട്ടു. അത്തരം സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞയെടുക്കണമെന്ന് അഭിഷേക് പറഞ്ഞു.

അതേസമയം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്.

വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഹിന്ദുത്വ തീവ്രവാദം പിടികൂടിയിരിക്കുകയാണെന്നും മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളുടെ പേരിലാണ് മതവികാരം വൃണപ്പെടുത്തുന്നതിനെതിരായ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

വര്‍ഗീയ ശക്തികളുടെ വളര്‍ച്ച ദ്രാവിഡ പരമ്പര്യത്തെ ഇല്ലാതാക്കിയില്ലേ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തിനെതിരായ മറുപടികൂടിയായിരുന്നു കമലിന്റെ പ്രതികരണങ്ങള്‍.

സിനിമാ താരങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതിലൂടെ ഇവരുടെ മനസിലെ വിഷം എത്രത്തോളമാണെന്ന് വെളിപ്പെട്ടെന്നും താരം പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതിന് പിന്നാലെ താരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണ ആഹ്വാനവുമായി ഹിന്ദു മഹാസഭയും രംഗത്തെത്തിയിരിക്കുന്നത്.