നാല് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുന്നു

single-img
4 November 2017

നാൽപത്തിയൊന്ന് വര്‍ഷത്തിനു ശേഷം ഇന്ത്യ അമേരിക്കയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുനാനൊരുങ്ങുന്നു. കൂടാതെ ആദ്യമായി ഷെയ്ല്‍ ഓയില്‍ ഇറക്കുമതിയ്ക്കും ഇന്ത്യ തയ്യാറെടുക്കുകയാണ്. അമേരിക്കയില്‍ നിന്നും ആദ്യ ഷെയ്ല്‍ ഓയില്‍ കാര്‍ഗോ ഈ മാസം അവസാനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

1 .2 കോടി ബാരല്‍ ക്രൂഡ് ഓയിലാണ് ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെത്തിയത്. 10 ലക്ഷം ബാരല്‍ ഷെയ്ല്‍ ഓയിലാണ് ഗുജറാത്തിലെ ഒരു തുറമുഖത്തു ഇറക്കുക എന്ന് ഐ ഒ സി അധികൃതര്‍ വ്യക്തമാക്കി. ഇത് ഗുജറാത്തിലോ, പാനിപ്പത്തിലോ, ആഗ്രയിലോ ഉള്ള റിഫൈനറിയില്‍ ശുദ്ധീകരിക്കാനാണ് നീക്കം. ഇന്ത്യ സോവിയറ്റ് യൂണിയനുമായി അടുത്തതിന്റെ പശ്ചാത്തലത്തില്‍ 1975ല്‍ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി അമേരിക്ക നിര്‍ത്തലാക്കിയിരുന്നു.

450 ദശലക്ഷം ഡോളര്‍ ചെലവഴിച്ചു 8 കോടി ബാരല്‍ ക്രൂഡ് ഓയില്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ അമേരിക്കയുമായി കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഐ ഒ സിക്ക് പുറമെ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളും ഓയില്‍ ഇറക്കുമതി ചെയ്യും. ഭാരത് പെട്രോളിയം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ കൊച്ചിയിലെ റിഫൈനറിയില്‍ ശുദ്ധീകരിക്കും.