ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി പി ചിദംബരം സുപ്രീം കോടതിയില്‍ ഹാജരാകും

single-img
4 November 2017

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം സുപ്രീം കോടതിയില്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ ഭരണത്തലവന്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ കേസില്‍ ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരാകാന്‍ ആം ആദ്മി പാര്‍ട്ടി ചിദംബരത്തെ സമീപിച്ചന്നെ് ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡല്‍ഹിയുടെ ഭരണകാര്യവുമായി ബന്ധപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണറും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ചിദംബരത്തിനു നേര്‍ക്ക് നിരവധി ആരോപണങ്ങളാണ് ആം ആദ്മി പാര്‍ട്ടി നേരത്തെ ഉന്നയിച്ചിരുന്നത്. ബി എസ് ഇ എസ് ഊര്‍ജ കമ്പനിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ ഹാജരായതില്‍ ചിദംബരത്തിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ആപ്പ് നടത്തിയത്.

ആപ്പിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ചിദംബരവും പിന്നിലായിരുന്നില്ല. ഡല്‍ഹിയെ ലണ്ടനാക്കുമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായാണ് ചിദംബരം പ്രതികരിച്ചത്. അതേസമയം ചിദംബരം ആപ്പിനു വേണ്ടി ഹാജരാകുന്നതു സംബന്ധിച്ച ചോദ്യങ്ങളോട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കിച്ചിട്ടില്ല.