തോമസ് ചാണ്ടിക്കെതിരായ കോടതി ഉത്തരവിനോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
4 November 2017

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കോടതി ഉത്തരവിനോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ വിജിലന്‍സിനോട് ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടതിനെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി വിശദീകരണങ്ങള്‍ നല്‍കാന്‍ തയാറായിട്ടില്ല. തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് രാവിലെയാണ് ഉത്തരവിട്ടത്.

നെല്‍വയല്‍ അനധികൃതമായി നികത്തി, എംപി ഫണ്ട് ഉപയോഗിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു, 65 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിനു നഷ്ടം വരുത്തി തുടങ്ങിയ പരാതികളാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആദ്യമായാണ് ഒരു കോടതി ഉത്തരവിടുന്നത്.

എന്നാല്‍ മന്ത്രി കായല്‍ നികത്തി റോഡ് നിര്‍മിച്ചിട്ടില്ലെന്നും ചെറിയ ബണ്ട് മാത്രമാണ് പരാതിക്കാരന്‍ പറയുന്ന സ്ഥലത്തുണ്ടായിരുന്നത് എന്നുമായിരുന്നു സര്‍ക്കാര്‍ വാദം. പരാതിയില്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ ത്വരിത പരിശോധന ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ആ വാദം തള്ളി.

വസ്തുതാപരമായ കാര്യങ്ങള്‍ പരാതിക്കാരനായ എം.കെ.സുഭാഷിനു കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.