‘തന്റേത് ഒരു മിശ്രവിവാഹമായിരുന്നു, എല്ലാ മിശ്രവിവാഹങ്ങളെയും ലൗ ജിഹാദായി കാണാനാവില്ല’: കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി

single-img
4 November 2017

ഡൽഹി: എല്ലാ മിശ്രവിവാഹങ്ങളെയും ലൗ ജിഹാദായി കാണാനാവില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. തന്റേത് ഒരു മിശ്രവിവാഹം ആയിരുന്നു. എന്നാല്‍ ലൗ ജിഹാദ്, ഹേറ്റ് ജിഹാദ് എന്നീ വാക്കുകള്‍ എവിടെ നിന്നും വന്നു എന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെങ്കില്‍ അതിനെ കുറിച്ച് അന്വേഷിക്കേണ്ടതാണെന്നും ഒരു അഭിമുഖത്തില്‍ മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരു രാജ്യത്തിനും അംഗീകരിക്കാന്‍ സാധിക്കില്ല. ഗൂഡാലോചനയിലൂടെ മതപരിവര്‍ത്തനം നടത്താന്‍ വ്യക്തികളോ സംഘടനകളോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നും നഖ്വി വ്യക്തമാക്കി.

ഇന്ത്യന്‍ സമൂഹം എപ്പോഴും മതമൗലികവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവരാണ്. മതമൗലികവാദങ്ങളെ ഇല്ലാതാക്കുകയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്നും നഖ്വി പറയുന്നു. അല്‍ഖ്വെയ്ദയും, ഐഎസും ഇന്ത്യയില്‍ വിജയിക്കാത്തത് ഇന്ത്യക്കാര്‍ മതമൗലിക വാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതു കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് ഹിന്ദുമഹാസഭക്കോ മുസ്ലീം ലീഗിനൊ രാജ്യത്ത് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കാത്തതെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.