വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുത്: ബ്രാഹ്മണ ശാന്തിക്കാരുടെ സമരത്തിനെതിരേ പ്രതികരണവുമായി ദളിത് പൂജാരി യദുകൃഷ്ണന്‍

single-img
4 November 2017

വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആദ്യ ദലിത് ശാന്തിക്കാരന്‍ യദു കൃഷ്ണന്‍. ഭക്തര്‍ തനിക്ക് എല്ലാ പിന്തുണയും നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് ഈ വിവാദമെന്നോ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യം എന്തെന്നോ അറിയില്ലെന്നും യദുകൃഷ്ണന്‍ പറഞ്ഞു.

യദു കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് യോഗക്ഷേമ സഭയും കേരള ശാന്തിക്ഷേമ യൂണിയനും സമരം പ്രഖ്യാപിക്കുകയും ബ്രാഹ്മണ ശാന്തിക്കാര്‍ സമരത്തിനിറങ്ങുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി യദുകൃഷ്ണന്‍ രംഗത്തെത്തിയത്.

തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ക്ഷേത്രത്തില്‍ ശാന്തിക്കാരനായി നിയോഗിതനായ യദു ഒരു പുലയ സമുദായത്തില്‍ നിന്നുമാണ് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. പമ്പാ നദിയും മണിമലയാറും സംഗമിക്കുന്ന കീച്ചേരിമേല്‍ കടവിലാണ് മണപ്പുറം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃശൂര്‍ കൊരട്ടി നാലുകെട്ടില്‍ പുലിക്കുന്നില്‍ പികെ രവിയുടെയും ലീലയുടെയും മകനായ യദുകൃഷ്ണ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ എഴുത്തു പരീക്ഷയിലും പ്രാക്ടിക്കലിലും വിജയിച്ച നാലാം റാങ്കുകാരനായിരുന്നു. എങ്കിലും ആദ്യ നിയമനം യദുവിനെയാണ് തേടിയെത്തിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പുലയ സമുദായത്തില്‍പ്പെട്ടയാള്‍ മേല്‍ശാന്തിയായി എത്തുന്നത്. യദു കൃഷ്ണന് വേണ്ടി ശ്രീകോവില്‍ നട തുറന്നത് ചരിത്ര മുഹൂര്‍ത്തം തന്നെയായിരുന്നു.