സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

single-img
4 November 2017

ഇന്‍ഡോര്‍: ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയായ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
ഗ്രൌണ്ടില്‍ നടന്ന ചടങ്ങിലാണ് സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം ലത്തീനില്‍ കര്‍ദിനാള്‍ അമാത്തോ വായിച്ചു.

ഹിന്ദിയില്‍ കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോയും ഇംഗ്ലീഷില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വായിച്ചു. കര്‍ദിനാള്‍മാര്‍, അന്‍പതോളം മെത്രാന്മാര്‍, വൈദികര്‍ സന്യസ്തര്‍, വിശ്വാസികള്‍ ഉള്‍പ്പെടെ പതിനയ്യായിരത്തോളം പേരാണ് സാക്ഷ്യം വഹിച്ചത്. എല്ലാവര്‍ഷവും ഫെബ്രുവരി 25ന് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷിക്കണമെന്നും മാര്‍പാപ്പ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തി സ്ത ദിക്കാത്രോ, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയോഡര്‍ മസ്‌കരനാസ് എന്നിവരുള്‍പ്പെടെ രാജ്യത്തും പുറത്തും നിന്നുമായി അമ്പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായി.

പ്രേക്ഷിത ശുശ്രൂഷയ്‌ക്കൊപ്പം ജന്‍മിവാഴ്ചയ്ക്കും കര്‍ഷക ചൂഷണത്തിനും ഇരയായി കഴിഞ്ഞിരുന്ന മധ്യപ്രദേശിലെ മിര്‍ജാപ്പൂര്‍ ഗ്രാമവാസികളെ സിസ്റ്റര്‍ റാണി മരിയ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിച്ചു. വരുമാനത്തിന്റെ വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നില്‍ ജീവിതം പണയം വയ്ക്കാതിരിക്കാനും പഠിപ്പിച്ചു ഈ കന്യാസ്ത്രീ. സിസ്റ്ററുടെ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട ജന്മിമാര്‍ ഏര്‍പ്പാടാക്കിയ സമുന്ദര്‍ സിംഗെന്ന വാടകഗുണ്ടയുടെ കുത്തേറ്റാണ് 1995 ഫെബ്രുവരി 25ന് നാല്‍പ്പത്തിയൊന്നുകാരിയായ സിസ്റ്റര്‍ റാണി മരിയ രക്തസാക്ഷിത്വം വരിച്ചത്.