സര്‍ക്കാരിന് തിരിച്ചടി; തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തിൽ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവ്

single-img
4 November 2017

കോട്ടയം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ വിജിലന്‍സിനോട് ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ആലപ്പുഴ സ്വദേശിയും ജനതാദള്‍ (എസ്) നേതാവുമായ അഡ്വ. സുഭാഷിന്റെ പരാതിയിലാണ് നടപടി.

നെല്‍വയല്‍ അനധികൃതമായി നികത്തി, എംപി ഫണ്ട് ഉപയോഗിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു, 65 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിനു നഷ്ടം വരുത്തി തുടങ്ങിയ പരാതികളാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആദ്യമായാണ് ഒരു കോടതി ഉത്തരവിടുന്നത്.

എന്നാല്‍ മന്ത്രി കായല്‍ നികത്തി റോഡ് നിര്‍മിച്ചിട്ടില്ലെന്നും ചെറിയ ബണ്ട് മാത്രമാണ് പരാതിക്കാരന്‍ പറയുന്ന സ്ഥലത്തുണ്ടായിരുന്നത് എന്നുമായിരുന്നു സര്‍ക്കാര്‍ വാദം.പരാതിയില്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ ത്വരിത പരിശോധന ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ആ വാദം തള്ളി.

വസ്തുതാപരമായ കാര്യങ്ങള്‍ പരാതിക്കാരനായ എം.കെ.സുഭാഷിനു കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.