ജിയോ പേമാരിയില്‍ വഴിയാധാരമാകുന്നത് ആയിരങ്ങള്‍;ടെലികോം മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലിന് സാധ്യത

single-img
4 November 2017

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലിന് സാധ്യത. മൊബൈല്‍ കമ്പനികളുടെ കിടമത്സരം മൂലമുണ്ടായ ഓഫര്‍ പെരുമഴ കമ്പനികളെ തളര്‍ത്തിയെന്നാണ് സൂചന. ഇതു വ്യക്തമാക്കുന്നതാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലുണ്ടായ കൂട്ടപ്പിരിച്ചുവിടലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ എല്ലാ വയര്‍ലെസ് ബിസിനസുകളും അവസാനിപ്പിക്കുവാനാണ് ആര്‍കോം പദ്ധതിയിടുന്നത്.

മുകേഷിന്റെ ജിയോയുടെ ആഘാതത്തില്‍ അനിലിന്റെ ആര്‍കോം കനത്ത തിരിച്ചടിയാണ് ബിസിനസ് മമേഖലയില്‍ നേരിട്ടത്. ടീറ്റാ ഗ്രൂപ്പും തങ്ങളുടെ മൊബൈല്‍ വ്യാപാരം ഭാരതി എയര്‍ടെല്ലിന് വില്‍ക്കുവാന്‍ പദ്ധതിയിടുന്നുണ്ട്. ഇതോടെ നിരവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായി.

രാജ്യത്ത് തൊഴില്‍ വിപണിയില്‍ വളര്‍ച്ചയില്ലാത്തത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊഴില്‍ നഷ്ടവും സംഭവിക്കുന്നത്. ടെലികോം സെക്ടറില്‍ നിലവില്‍ താഴെക്കിടയിലും ഉന്നതപദവികളില്‍ ജോലി ചെയ്യുന്നവരെയും ഇത് ബാധിക്കില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടത്തരം ഉദ്യോഗസ്ഥരെയാണ് ഇത് ബാധിക്കുക.

എന്‍ജിനീയറിങ്, ടെക്നിക്കല്‍ മേഖലയിലുള്ളവര്‍ക്കാവും കാര്യമായി തൊഴില്‍ നഷ്ടപ്പെടുന്നത്. ഏകദേശം 40,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ ശമ്പളമായി വാങ്ങുന്നവര്‍ക്കാണ് ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നതെന്ന് സൂചനയുണ്ട്. ഇവര്‍ക്ക് മറ്റു കമ്പനികളില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.