ഹജ്ജ് സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി

single-img
4 November 2017


സൂറത്ത്: അടുത്ത വര്‍ഷം ആദ്യത്തോടെ ഹജ്ജ് സബ്സിസി പൂര്‍ണമായി നിര്‍ത്തലമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഹജ്ജ് നയവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ മന്ത്രാലയം വിളിച്ചുചേര്‍ത്ത ഹജ്ജ് കമ്മിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷമാണ് മുഖ്താര്‍ അബ്ബാസ് നഖ്വി ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ പുറത്തിറക്കിയ കരട് നയത്തിന്മേല്‍ മുസ്ലിം സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ നയമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്ന കാര്യത്തില്‍ ഭൂരിഭാഗം മുസ്ലിം സംഘടനകളും അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. ഹജ്ജ് സബ്സിഡി ഘട്ടം ഘട്ടമായി എടുത്തുകളയാനാണ് സുപ്രീംകോടതി ഉത്തരവെന്നും അതിന് നിശ്ചയിച്ച സമയപരിധിയാണ് 2022 എന്നും നഖ്വി പറഞ്ഞു.

‘2012 മുതല്‍ സബ്സിഡി ഘട്ടം ഘട്ടമായി കുറച്ചിരുന്നു. 2018 ഓടെ അത് പൂര്‍ണമായി എടുത്തുകളയാനാണ് തീരുമാനമെന്നും നഖ്വി പറഞ്ഞു. ഇതിന്റെ ഫണ്ട് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

നിലവില്‍ 450 കോടിയായി ചുരുക്കിയ സബ്സിഡി പൂര്‍ണമായി ഇല്ലാതാക്കുമെന്നാണ് നഖ്വി പറഞ്ഞത്. ഹജ്ജുമായി ബന്ധപ്പെട്ട ഒരു മേഖലമാത്രമാണ് സബ്സിഡിയെന്നും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കൂടുതല്‍ സുതാര്യമായ രീതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനുവരിയില്‍ സൗദി സര്‍ക്കാര്‍ ഇന്ത്യയുടെ വാര്‍ഷിക ഹജ്ജ് ക്വാട്ട 136020ത്തില്‍ നിന്നും 170520 ആക്കി ഉയര്‍ത്തിയിരുന്നു.