ഓപ്പറേഷന്‍ ടേബിളില്‍ പ്ലാസ്റ്റിക് സര്‍ജറിക്കിടെ ഗുണ്ടാ തലവന്‍ വെടിയേറ്റ് മരിച്ചു

single-img
4 November 2017

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ഓപ്പറേഷന്‍ ടേബിളില്‍ പ്ലാസ്റ്റിക് സര്‍ജറിക്കിടെ ഗുണ്ടാ തലവന്‍ വെടിയേറ്റ് മരിച്ചു. ജീസസ് എല്‍ കാലിംബ മാര്‍ട്ടിന്‍ എന്ന ഗുണ്ടാതലവും മൂന്ന് അനുയായികളുമാണ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മുഖത്തിന്റെയും കൈവിരല്‍ രേഖകളുടെയും അടയാളം മാറ്റുന്നതിനായാണ് ജീസസ് എല്‍ കാലിംബ ശസ്ത്രക്രിയയ്ക്കു വിധേയനായത്.

ഇന്ധന മോഷണക്കേസില്‍ പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണ് ജീസസ് എല്‍ കാലിംബയെന്ന് പുയേബ്‌ള സിറ്റി പോലീസ് അറിയിച്ചു. പൈപ്പ്‌ലൈനുകളിലൂടെ വിതരണം ചെയ്യപ്പെടുന്ന ഡീസലും ഗ്യാസൊലൈനും മോഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 2010നുശേഷം ഇയാള്‍ 240 കോടി ഡോളര്‍ വില വരുന്ന ഇന്ധനം മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഈ കേസില്‍ പോലീസ് ജീസസ് എല്‍ കാലിംബയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

ഇതേതുടര്‍ന്നാണ് ഇയാള്‍ പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനായത്. ജീസസ് എല്‍ കാലിംബയുടെ സംഘത്തില്‍തന്നെ അംഗമായ എല്‍ ഇര്‍വിംഗാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. മയക്കുമരുന്ന് കള്ളക്കടത്തു കഴിഞ്ഞാല്‍ മെക്‌സിക്കോയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ഇന്ധന മോഷണം.