ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
4 November 2017

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കിയത് വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ് ആവശ്യമെങ്കില്‍ ജി.എസ്.ടിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും മോദി പറഞ്ഞു.

വ്യവസായ സൗഹാര്‍ദ രാജ്യമായതിലൂടെ ഇന്ത്യയില്‍ ജീവിതവും സുഖകരമായി. വ്യവസായ സൗഹൃദരാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നത് ചിലര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. മികച്ച ഭരണമാണ് റാങ്ക് ഉയര്‍ത്തിയത്. പരിഷ്‌കരണം, പരിവര്‍ത്തനം, പ്രവര്‍ത്തനം എന്നതാണ് സര്‍ക്കാറിന്റെ മുദ്രവാക്യമെന്നും മോദി വ്യക്തമാക്കി.

നേരത്തെ ലോകബാങ്കില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ ലോക ബാങ്ക് നല്‍കിയ ഇന്ത്യയുടെ റാങ്കിനെ ചോദ്യം ചെയ്യുകയാണെന്നു മോദി വിമര്‍ശിച്ചു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ വിമര്‍ശനം. നോട്ട് അസാധുവാക്കലുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ രഘുറാം രാജന്‍ വിമര്‍ശിച്ചിരുന്നു.