വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു; നഷ്ടപരിഹാരം ഈ മാസം മുപ്പതിനകം കൊടുത്തു തീര്‍ക്കുമെന്ന് കളക്ടര്‍

single-img
3 November 2017

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി. ജില്ലാ കളക്ടറും സമരസമിതിയുമായുളള ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ച തൃപ്തികരമെന്ന് സമരസമിതി അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം ഈ മാസം മുപ്പതിനകം കൊടുത്തു തീര്‍ക്കുമെന്നും ബാക്കി കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ജില്ലാ കളക്ടര്‍ കെ.വാസുകി പറഞ്ഞു. പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം മേല്‍നോട്ട സമിതിക്ക് രൂപം നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി.

മരമടി തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര വിതരണം പുനഃരാരംഭിക്കുകയും ഈ മാസം മുപ്പതിനകം കൊടുത്തുതീര്‍ക്കുകയും ചെയ്യും. പത്തുദിവസത്തിനകം മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭ്യത ഉറപ്പു വരുത്തുമെന്നും കളക്ടര്‍ പറഞ്ഞു. സമരം ഒത്തുതീര്‍പ്പായതോടെ 10 ദിവസമായി മുടങ്ങിക്കിടക്കുന്ന തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനി പുനരാരംഭിക്കും.

വിഴിഞ്ഞം പാരിഷ് കൗണ്‍സില്‍ പ്രസിഡന്റ് ഫാ. വില്‍ഫ്രഡ്, സെക്രട്ടറി ജോണി ഇസഹാക്ക് എന്നിവരുടെ നേതൃത്വത്തിലെ പത്തോളം വരുന്ന പാരിഷ് കൗണ്‍സില്‍ അംഗങ്ങളാണ് ജില്ല കളക്ടറുമായി ചര്‍ച്ച നടത്തിയത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം എഴുതിനല്‍കിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കുമെന്ന് പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചിരുന്നു.

ഈ മാസം 24നാണ് പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പാരിഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുറമുഖ നിര്‍മാണപ്രവര്‍ത്തങ്ങള്‍ തടസ്സപ്പെടുത്തി ഉപരോധസമരം ആരംഭിച്ചത്. സമരം തുടങ്ങിയ അന്നുതന്നെ കളക്ടര്‍ നേരിട്ടെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തിയെങ്കിലും ഒരു വിഭാഗം നിര്‍മാണം തടഞ്ഞുകൊണ്ടുള്ള സമരവുമായി മുന്നോട്ടുപോവുകയായിരുന്നു.