ഗെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വി.എം.സുധീരന്‍; ‘ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന രീതി കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല’

single-img
3 November 2017

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പിനെതിരായി കോഴിക്കോട് മുക്കത്ത് നടക്കുന്ന നാട്ടുകാരുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ജനങ്ങള്‍ ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ് മുക്കത്ത് നടത്തുന്നത്.

ഇരകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന ഇപ്പോഴത്തെ രീതി കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല. അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ക്കെതിരെ എന്ത് ക്രൂര കൃത്യങ്ങള്‍ ചെയ്യാനും തയ്യാറായ ഈദി അമീന്റെ രീതിയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഇത് കമ്യൂണിസ്റ്റുകള്‍ക്ക് അപമാനമാണ്.

സമരത്തെ തുടര്‍ന്നുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് സമരസമിതിയുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരം അവസാനിക്കുന്നത് വരെ യു.ഡി.എഫ് കൂടെയുണ്ടാകും. സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സംഘര്‍ഷം നടന്ന മുക്കം എരഞ്ഞിമാവില്‍ സമരക്കാരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഗെയില്‍ വിരുദ്ധ സമരം ഏറ്റെടുക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുതിര്‍ന്ന മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. സമരമേറ്റെടുക്കുന്ന കാര്യം അടുത്ത യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രണ്ടു ദിവസങ്ങളായി രൂക്ഷമായ സമരം നടന്ന ഗെയില്‍ സമരവേദി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു യു.ഡി.എഫ് നേതാക്കള്‍. ഇടതു സര്‍ക്കാറിനെതിരായ സമരമായി വളര്‍ത്തിക്കൊണ്ടുവരാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സമരക്കാര്‍ക്കെതിരെ അഴിഞ്ഞാടിയതെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.