മംമ്തയും ശ്വേത മേനോനും മിയാ ജോര്‍ജും കൈക്കൊണ്ട നിലപാടുകളോട് യോജിക്കുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍

single-img
3 November 2017

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വിവാദമായതോടെ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പലരും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളുടെ വിഷയത്തില്‍ സഹപ്രവര്‍ത്തകരായ മംമ്തയും ശ്വേത മേനോനും മിയാ ജോര്‍ജും കൈക്കൊണ്ട നിലപാടുകളോട് താന്‍ യോജിക്കുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍.

‘മംമ്തയും ശ്വേതയും മിയയും നമിതയും പറഞ്ഞത് സിനിമയില്‍ നിന്നും അവര്‍ക്ക് മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല അതിനാല്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള സംഘടനയുടെ ആവശ്യമില്ലെന്നാണ്. എന്നാല്‍, എനിക്കും അങ്ങനെത്തെ അനുഭവങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെയൊന്ന് ഇനി ഉണ്ടാകാതിരിക്കാനാണ് ഇത്തരം സംഘടനകളെന്ന് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് അനുവദിച്ച അഭിമുഖത്തില്‍ റിമ പറഞ്ഞു.

അവള്‍ക്കൊപ്പം ആരുമുണ്ടാകില്ലെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ലെന്നും അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കാര്യങ്ങളൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്ന സഹതാപം മാത്രമേ ഉള്ളൂവെന്നും റിമ അഭിമുഖത്തില്‍ വ്യക്തമാക്കി. ജയിലിന് മുന്‍പില്‍ മുദ്രാവാക്യം വിളിച്ചവരും ലഡു വിതരണം ചെയ്യുന്നവരും വളരെ കുറച്ച് പേര്‍ മാത്രമേ ഉള്ളൂ.

അതിന്റെ ആയിരം ഇരട്ടി നമുക്കൊപ്പമുണ്ട്. ഒരു പബ്ലിക് ഇവന്റില്‍ പങ്കെടുത്താല്‍ അവരുടെ സപ്പോര്‍ട്ട് മനസ്സിലാക്കാന്‍ കഴിയും. പെണ്ണുങ്ങള്‍ മാത്രമല്ല, ആണുങ്ങളും ഞങ്ങള്‍ക്കൊപ്പമുണ്ട്. അവള്‍ക്കൊപ്പമുണ്ടെന്ന് റിമ പറഞ്ഞു. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരായ ലൈംഗികാരോപണ കേസ് ഒരു മാതൃകയാണ്.

പല കാലത്ത് പലയിടത്തിരുന്ന് പലരും ഒറ്റയ്ക്ക് പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ കൂട്ടായ ഒരൊറ്റ ശബ്ദമായി മാറി ആഞ്ഞടിക്കുന്നു. അതുപോലെ തന്നെയാണ് ഇവിടെയും നടന്നത്. നിശബ്ദതയാണ് പ്രശ്‌നം. ഒരുമിച്ചു പറഞ്ഞാല്‍ അതിന്റെ മൂല്യം വലുതാകുമെന്നും റിമ പറയുന്നു.

വിമണ്‍ കളക്ടീവ് പോലുള്ള ഒരു സംഘടനയുടെ അനിവാര്യത ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയൊരു സംഘടന വേണമെന്ന കാര്യം ഞങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കിരുന്ന് പലപ്പോഴായി പലവട്ടം പറഞ്ഞിട്ടുണ്ടെന്നും റിമ കൂട്ടിച്ചേര്‍ത്തു.