മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി ആറ്

single-img
3 November 2017

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ഫെബ്രുവരി ആറിനുളളില്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ കണക്ഷന്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങുവാനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

അഡ്വ. സൊഹേബ് ഹൊസൈന്‍ വഴിയാണ് 113 പേജുള്ള സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മാര്‍ച്ച് 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കണം.

ആധാര്‍ ഇല്ലാത്തതു കൊണ്ട് രാജ്യത്ത് ഒരിടത്തും പട്ടിണി മരണം സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷയോടെ ആണ് സംരക്ഷിക്കുന്നതെന്നും ഇതുവരേയും ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച യുഐഡിഎഐ സെര്‍വറുകള്‍ ഹാക്കിംഗ്‌സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് കേന്ദ്രത്തിനോട് വിശദീകരണം തേടിയത്.