കൊല്ലത്ത് പത്തുവയസ്സുകാരിയെ മൂന്നുവര്‍ഷമായി പീഡിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍; പ്രതികളിലൊരാള്‍ നാട്ടിലെ ലൈംഗിക മനോരോഗി: പ്രതികളെ കുടുക്കിയത് ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ

single-img
3 November 2017

കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്തുവയസ്സുകാരിയായ പെണ്‍കുട്ടിയെ മൂന്നുവര്‍ഷമായി ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ നാലു പേര്‍ അറസ്റ്റില്‍. തൊടിയൂര്‍ വടക്കുംമുറി കന്നേല്‍ തറയില്‍ എ.അനീഷ്‌കുമാര്‍ (29), പന്മന പോരൂക്കര കരീത്തറ വടക്കതില്‍ ബി.രാജീവ് (33) ഉള്‍പ്പെടെ നാലു പേരെയാണ് എസിപി എസ്.ശിവപ്രസാദ്, സിഐ ആര്‍.രാജേഷ്‌കുമാര്‍, എസ്‌ഐ വി.ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടി നാലില്‍ പഠിക്കുമ്പോള്‍ മുതല്‍ പീഡനം നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യൂറിനറി ഇന്‍ഫെക്ഷനും നെഞ്ചു വേദനയേയും തുടര്‍ന്ന് കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം മുന്‍പ് പ്രവേശിപ്പിച്ചിരുന്നു.

നെഞ്ചിന്റെ ഭാഗത്തും ശരീരത്തിലും കണ്ട അസ്വഭാവികതയെ തുടര്‍ന്ന് ഡോക്ടര്‍ പെണ്‍കുട്ടിയോട് സംസാരിക്കുകയും പെണ്‍കുട്ടി ഡോക്ടറോട് കാര്യങ്ങള്‍ തുറന്നുപറയുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പീഡന വിവരം പുറത്തറിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് പ്രതികളെ പിടികൂടി. തൊടിയൂര്‍ സ്വദേശി അഖിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ ഓഗസ്റ്റ് മാസം ആയിരുന്നു. വിവാഹത്തിന്റെ അന്ന് രാത്രിയിലാണ് നാലുപേരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

മൂന്ന് വര്‍ഷമായി അഖില്‍ ലൈംഗിക ചൂഷണം നടത്തി വരികയായിരുന്നു. വിവാഹ രാത്രിയില്‍ മദ്യലഹരിയിലായ പ്രതികള്‍ സംസാരത്തിനിടെ അയല്‍പക്കത്തെ പെണ്‍കുട്ടിയെ പറ്റി പറയുകയും ഈ സമയം അഖില്‍ ഞാന്‍ വിളിച്ചാല്‍ ഏതു പാതിരാത്രിയിലായാലും അവള്‍ വരുമെന്ന് വീമ്പിളക്കുകയും ചെയ്തു. എന്നാല്‍ അതൊന്ന് കാണട്ടെ എന്ന് മറ്റു പ്രതികള്‍ പറഞ്ഞതോടെ അഖില്‍ തൊട്ടയല്‍പക്കത്തെ പത്ത് വയസ്സുകാരിയെ വിളിച്ചു വരുത്തുകയായിരുന്നു.

പിന്നീട് ഇവര്‍ നാലു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അന്നത്തെ സംഭവത്തിന് ശേഷം വയറുവേദനയായി പെണ്‍കുട്ടി കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അസ്വാഭാവികത ഒന്നും തോന്നാതിരുന്ന ഡോക്ടര്‍ വയറുവേദന മാറാനുള്ള മരുന്ന് നല്‍കി വിട്ടയച്ചു.

വീണ്ടും പല പ്രാവിശ്യവും വയറു വേദനയുമായി കുട്ടി ആശുപത്രിയില്‍ എത്തിയിരുന്നു. ഏതാനും ദിവസം മുന്‍പ് വയറുവേദനും നെഞ്ചുവേദനയുമായി വീണ്ടും പെണ്‍കുട്ടിയെത്തിയപ്പോള്‍ ഡോക്ടര്‍ വിശദമായ പരിശോധന നടത്തി. വസ്ത്രങ്ങള്‍ അഴിച്ചു നടത്തിയ പരിശോധനയില്‍ നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും മുറിപ്പാടുകള്‍ കണ്ടെത്തി.

തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മാതാവിനെ പുറത്ത് നിര്‍ത്തി കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഡോക്ടര്‍ ഉടന്‍ കരുനാഗപ്പള്ളി പൊലീസില്‍ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയോട് വിവരം പുറത്ത് പറഞ്ഞാല്‍ അച്ഛനേയും അമ്മയേയും കൊന്ന് കളയുമെന്ന് അഖില്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

അതേസമയം അഖില്‍ ലൈംഗിക മനോരോഗിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ വീടുകളില്‍ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന സ്വഭാവം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പിടികൂടി താക്കീത് നല്‍കിയിട്ടുണ്ടെന്നുമാണ് അയല്‍വാസികളുടെ വെളിപ്പെടുത്തല്‍.

മാസങ്ങള്‍ക്ക് മുമ്പ് അഖില്‍ സഹോദരി തുല്യയായ ബന്ധുവിനെ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയത് പിടികൂടുകയും ഇരു വീട്ടുകാര്‍ തമ്മില്‍ ഏറെ കലഹം ഉണ്ടാവുകയും ചെയ്തിരുന്നു. സ്വന്തം സഹോദരിയെ പോലും വെറുതെ വിടാതിരുന്ന ഇയാള്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം.

മൂന്ന് വര്‍ഷം മുന്‍പ് പീഡനത്തിനിരയായ പെണ്‍കുട്ടി അഖില്‍ തന്റെ പാവാടയില്‍ കയറിപ്പിടിച്ചെന്ന് മാതാവിനോട് പരാതി പറഞ്ഞിരുന്നു. അന്നത് അവര്‍ കാര്യമായി എടുത്തില്ല. എന്നാല്‍ പിന്നീട് അഖില്‍ കുട്ടിയെ ചൂഷണത്തിന് വിധേയമാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ ഭയം മൂലം കുട്ടി ആരോടും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകള്‍ പറഞ്ഞില്ല. ഇത് മുതലെടുത്താണ് ചൂഷണം തുടര്‍ന്നത്.

പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ പ്രതികളുടെ വീട്ടുകാരുടെ ഭീഷണിയുണ്ട്. ഇവര്‍ താമസിക്കുന്ന കോളനിയില്‍ ഏറെയും പ്രതികളുടെ ബന്ധുക്കളാണ്. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതിന് സാക്ഷിയാകാന്‍ വിളിച്ചിട്ട് ആരും സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം പ്രതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. നാലു പേരുടെയും ചിത്രങ്ങള്‍ സഹിതം പ്രചരിപ്പിച്ചാണ് പ്രതിഷേധം. അറസ്റ്റിലായ അനീഷും അഖിലും സഹോദരന്മാരാണ്. രാജീവ് ഇവരുടെ അമ്മാവനും ശിവകുമാര്‍ സുഹൃത്തുമാണ്. പത്മന സ്വദേശിയായ രാജീവിന് അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്.