കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20: ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍?; 700 രൂപയുടെ ടിക്കറ്റിന് 3000 രൂപവരെ ഈടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍

single-img
3 November 2017

തിരുവനന്തപുരം നഗരത്തിലെത്തുന്ന ആദ്യ ട്വന്റി20 ക്രിക്കറ്റിന്റെ ടിക്കറ്റിനായി നാടെങ്ങും നെട്ടോട്ടം. നവംബര്‍ ഏഴിന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി ട്വന്റി മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്റാണ്. ഇതിനിടയില്‍ കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

700 രൂപയുടെ ടിക്കറ്റിന് 3000 രൂപവരെയാണ് ചില ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴക്കൂട്ടത്തിന് സമീപം ഇത്തരത്തില്‍ കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ മാധ്യമങ്ങളെയും പോലീസിനെയും ഭയന്ന് അതീവ രഹസ്യമായി വളരെ അടുത്ത് അറിയാവുന്നവര്‍ വഴിയാണ് ഇത്തരത്തില്‍ ടിക്കറ്റ് വില്‍പ്പന നടക്കുന്നത്.

ഈ വിവരം അറിഞ്ഞ് ‘ഇ വാര്‍ത്ത സംഘം’ ഇവരെ സമീപിച്ചെങ്കിലും പരിചയമില്ലാത്തതിനാല്‍ ഒഴിഞ്ഞു മാറുകയായിരുന്നു. അതേസമയം ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി ആദ്യ നാലുദിവസം കൊണ്ടുതന്നെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. ടിക്കറ്റ് തേടി കെ.സി.എ.യിലേക്കും ഫെഡറല്‍ ബാങ്കിലേക്കും നൂറുകണക്കിന് അന്വേഷണങ്ങളാണ് ദിവസവുമെത്തുന്നത്.

ടിക്കറ്റിനായി ഇത്തരത്തില്‍ പരക്കം പായുന്നവരാണ് അമിത വില നല്‍കി കരിഞ്ചന്തയില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങുന്നത്. ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്കിന്റെ കോട്ടണ്‍ഹില്‍, പാളയം, ശ്രീകാര്യം, പട്ടം, നന്തന്‍കോട്, കുറവന്‍കോണം, കഴക്കൂട്ടം, പേരൂര്‍ക്കട എന്നീ ശാഖകളിലൂടെയാണ് കൊടുത്തിരുന്നത്.

ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ നവംബര്‍ ഒന്നുമുതല്‍ നാലുവരെ തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്കിന്റെ 13 ശാഖകളില്‍നിന്ന് യഥാര്‍ഥ ടിക്കറ്റുകളാക്കി മാറ്റാമെന്നും അറിയിച്ചിരുന്നു. ഈ ടിക്കറ്റുകള്‍ മുന്‍കൂട്ടി അധിക എണ്ണം വാങ്ങിയവരാണ് കരിഞ്ചന്ത വഴി വില്‍പ്പന നടത്തുന്നത്.